KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്‌

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനെതിരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്‌. കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഇനിയൊരിക്കല്‍ക്കൂടി കുടിയൊഴിഞ്ഞു പോകാന്‍ തയാറല്ലെന്നു പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. മുന്‍പു പലപ്പോഴായി 11 തവണ ഭൂമിയേറ്റെടുത്തിട്ടുണ്ടെന്നും അന്നു കുടിയൊഴിപ്പിക്കപ്പെട്ടവര്‍തന്നെ വീണ്ടും കിടപ്പാടം ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള ഭൂമിയേറ്റെടുക്കല്‍ ഡപ്യൂട്ടി കലക്ടര്‍ ഒാഫിസിലേക്കു നടത്തിയ മാര്‍ച്ച്‌ കരിപ്പൂര്‍ നുഹ്മാന്‍ ജംക്ഷനില്‍ പൊലീസ് തടഞ്ഞു. നഗരസഭാധ്യക്ഷന്‍ സി.കെ. നാടിക്കുട്ടി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് വിമാനത്താവള വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രണ്ടുതവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ക്കു ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി കിഫ്ബിയില്‍നിന്നു പണം അനുവദിക്കുമെന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertisements
Share news