KOYILANDY DIARY

The Perfect News Portal

സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: കോളേജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവിവികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളോട് സംവദിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ നടപടി സ്വീകരിക്കും. ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനും നടപടിയുണ്ടാകും. കാമ്ബസ്‌രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

കലാലയങ്ങളില്‍ ഇന്റേണല്‍മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലിചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന ജനകീയ ദുരന്തനിവാരണ സേനയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരംനല്‍കും. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ leadersconclaveclt@gmail.com എന്ന മെയിലിലും അയക്കാം.

Advertisements

മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്ററിനറി, മലയാളം, സംസ്കൃതം, കേരള കലാമണ്ഡലം സര്‍വകലാശാലകളിലെ യൂണിയന്‍പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്മാര്‍, ജനറല്‍സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ടി. സുമ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീര്‍, ഫാറൂഖ് കോളേജ് ഭാരവാഹികളായ പി.കെ. മുഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *