സോളാര്‍: മണിലാലിന്റെ സഹോദരന് റിജേഷിനെയും അമ്മയെയും നേരിട്ടുകണ്ടത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് പി എ മാധവന്

കൊച്ചി: സോളാര്‍കേസിലെ പ്രതി കൈപ്പമംഗലം സ്വദേശി മണിലാലിന്റെ സഹോദരന് റിജേഷിനെയും അമ്മയെയും താന്‍ നേരിട്ടുകണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് മണലൂര്‍ മുന്‍ എംഎല്‍എ പി എ മാധവന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫിന്റെ തൃശൂര്‍ ജില്ലയിലെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനായി ഉമ്മന്‍ചാണ്ടി തൃശൂര്‍ ടൌണ്‍ഹാളില്‍ എത്തിയ ദിവസമാണ് ആദ്യമായി റിജേഷിനെയും അമ്മയെയും താന്‍ നേരില്‍ കാണുന്നതെന്നും പി എ മാധവന് സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമീഷനില്‍ വ്യക്തമാക്കി.
റിജേഷിനെ മൂന്നുതവണ നേരില്‍ കണ്ടിട്ടുണ്ട്. അനേകം തവണ ഇയാള്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഒരുതവണ 2000 രൂപ റിജേഷിന് കൊടുത്തിട്ടുണ്ട്. എന്നാല്‍ സോളാര്‍ കേസുമായോ അതിലെ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നിവരുമായോ ബന്ധപ്പെട്ടിട്ടില്ല. ഇരുവരെയും ഇതുവരെ നേരില്‍ കണ്ടിട്ടുമില്ല. അതേസമയം പി എ മാധവനുമായി സംസാരിച്ചതിന്റെ തെളിവായി റിജേഷ് സോളാര്‍ കമീഷനില്‍ നല്കിയ ഓഡിയോ സിഡിയിലെ ശബ്ദം തന്റേതുതന്നെയാണെന്ന് മാധവന് സ്ഥിരീകരിച്ചു. എന്നാല്‍ അതിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതും അപൂര്‍ണവുമാണെന്ന് മാധവന് പറഞ്ഞു. റിജേഷ് ഉമ്മന്‍ചാണ്ടിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വാസുദേവ ശര്‍മയുമായും സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കമീഷന് മാധവനെ കേള്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെയും വാസുദേവ ശര്‍മയുടെയും ശബ്ദത്തോട് സാമ്യമുള്ളതാണ് സിഡിയിലെ ശബ്ദമെന്ന് മാധവന് വ്യക്തമാക്കി.

‘ഇവരെ കഴിയുന്നതുപോലെ സഹായിക്കണം, മാധവന്’ എന്നുപറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തൃശൂര്‍ ടൌണ്‍ഹാളില്‍ നിന്ന് കാറില്‍ കയറി പോയി. പിറ്റേന്നുമുതല്‍ റിജേഷ് തന്നെ മൊബൈല്‍ ഫോണിലും വീട്ടിലെ ലാന്‍ഡ്ലൈനിലും വിളിക്കാന്തുടങ്ങി. ശല്യം സഹിക്കാതായപ്പോള്‍ കൊക്കാലയില്‍ മത്സ്യത്തൊഴിലാളി സംഘത്തിന്റെ ഓഫീസിനടുത്ത് വരാന്‍ പറഞ്ഞു. റിജേഷ് അമ്മയ്ക്കൊപ്പമാണ് വന്നത്. താന്‍ അപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയെടുത്ത് കൊടുത്തിട്ട് ഇനി ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞു. മൂന്നാംതവണ ഇരുവരും രണ്ട് അപരിചിതര്‍ക്കൊപ്പം പുലര്‍ച്ചെ തന്റെ മണലൂരിലെ വീട്ടിലെത്തിയപ്പോള്‍ അവരെ വീട്ടില്‍ കയറ്റാതെ പറഞ്ഞുവിട്ടു. വീട്ടിലേക്കു വിളിച്ച് റിജേഷ് മോശമായി സംസാരിച്ചതുകൊണ്ടാണിത്. മണിലാലിനെ ജയിലില്‍നിന്നിറക്കാന്‍ താന്‍ 50,000 രൂപ നല്‍കിയിട്ടില്ല.

റിജേഷിനെ വീട്ടില്‍നിന്ന് ഇറക്കിവിടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതില്‍ തനിക്ക് അപമാനം തോന്നിയിട്ടില്ല. മണിലാല്‍ മണലൂര്‍ സ്വദേശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിച്ചതാണെന്നും പി എ മാധവന് പറഞ്ഞു.

റിജേഷിനെയും അമ്മയെയും സഹായിക്കണമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് നിര്‍ദേശം കിട്ടിയിട്ടും അവരെ ആവശ്യമെന്തെന്നുപോലും ചോദിക്കാതെ 2000 രൂപ കൊടുത്ത് ഒഴിവാക്കാന്‍ നോക്കി എന്ന മാധവന്റെ മൊഴി അപലപനീയമാണെന്ന് കമീഷന് ചൂണ്ടിക്കാട്ടി. മാധവന്റെ നടപടി തെരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും നിരുത്തരവാദപരമായി പെരുമാറിയത് ശരിയായില്ലെന്നും കമീഷന് പറഞ്ഞു.
