സുരക്ഷിതയാത്രയ്ക്ക് സൗജന്യ ‘ഓട്ടോക്കാരന്‍’ ആപ്പ്
തിരുവനന്തപുരം: സുരക്ഷിതയാത്രയും സുതാര്യമായ നിരക്കും വാഗ്ദാനം ചെയ്ത് ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സൗജന്യ സേവനവുമായി ‘ഓട്ടോക്കാരന്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. യാത്രകള്‍ നിരീക്ഷണ വിധേയമാക്കുന്നതിനാല്‍ 24 മണിക്കൂറും സ്ത്രീകള്‍ക്കും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം.
പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എ ‘ഓട്ടോക്കാരന്‍’ ആപ്ലിക്കേഷന്റെ പ്രകാശനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് ഭാരതിയുടെ ‘ഭാരതി ഇന്‍ഫോ ലോജിക്സ്’ ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഈ സംരംഭക ആശയം യാഥാര്‍ത്ഥ്യമാക്കിയത്. വെഞ്ഞാറന്‍മൂട് മുസ്ലീം അസോസിയേഷന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുഹമ്മദ് അലി ജവഹര്‍ എസ് എന്‍ പ്രകാശന ചടങ്ങില്‍ ആപ്ലിക്കേഷനെക്കുറിച്ച് അവതരണം നടത്തി.

ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ അന്‍പതോളം ഓട്ടോകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓട്ടോറിക്ഷക്കാരുടെ ശൃംഖല ഈ മൊബൈല്‍ ആപ്ലിക്കേഷനുമായി സഹകരിക്കുന്നതോടുകൂടി സ്റ്റാന്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ചു ലഭ്യമാക്കിയിരിക്കുന്ന ഓട്ടോറിക്ഷാ സേവനം എല്ലായിടത്തും ലഭ്യമാകും. അടുത്തഘട്ടത്തില്‍ സിറ്റിയിലേയും തിരുവനന്തപുരം ജില്ലയിലെ മറ്റു ഓട്ടോകളേയും ഉള്‍പ്പെടുത്താനും മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടുകൂടി ഓട്ടോ തൊഴിലാളികള്‍ക്കുണ്ടായ തിരിച്ചടി മറികടക്കാനാകുന്ന ഈ ആപ്ലിക്കേഷന്റെ സേവനം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കമ്മീഷനോ മറ്റു നിരക്കുകളോ കൂടാതെ ലഭ്യമാക്കുന്നു എന്നതാണ് സവിശേഷത.
വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുന്നതിനുള്ള അടിസ്ഥാന വികസന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ‘ഭാരതി ഇന്‍ഫോലോജിക്സ് ‘ നൈപുണ്യ വികസന കോഴ്സുകള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.



