KOYILANDY DIARY

The Perfect News Portal

സുപ്രീംകോടതിയും ഭരണഘടനയും അനുവദിച്ചാല്‍ സൗമ്യ വധക്കേസില്‍ ഹാജരാകുo; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഡല്‍ഹി> സുപ്രീംകോടതിയും ഭരണഘടനയും അനുവദിച്ചാല്‍ സൗമ്യ വധക്കേസില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന മുന്‍നിലപാട് മയപ്പെടുത്തിയാണ് കട്ജു ഫേസ്ബുക്കില്‍ പുതിയ പോസ്റ്റ് ഇട്ടിട്ടുള്ളത്. വിരമിച്ച ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നത് വിലക്കുന്ന ഭരണഘടനാ വകുപ്പ് ഒഴിവാക്കാന്‍ തയ്യാറായാല്‍ കേസില്‍ നേരിട്ട് ഹാജരാകുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പു പ്രകാരം വിലക്കുണ്ട്. ഈ നിയമം തനിക്കുവേണ്ടി ഒഴിവാക്കാന്‍ ജഡ്ജിമാര്‍ തയ്യാറാണെങ്കില്‍ ഹാജരാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഹാജരാകണമെന്ന് ഇതുവരെ സുപ്രീം കോടതിയില്‍നിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. താന്‍ ഹാജരാകണമെന്ന കോടതി പരാമര്‍ശം കേരള സര്‍ക്കാരിന്റെ അഭിഭാഷകനാണ് അറിയിച്ചത്. എന്തായാലും കേസിനെ കുറിച്ച്‌ വിശദമായ മറുപടി തയ്യാറാക്കുകയാണെന്നും അവ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും കട്ജു അറിയിച്ചു.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ ജസ്റ്റിസ് കട്ജു വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേസിന്റെ പുന: പരിശോധന വേളയിലാണ് ഇക്കാര്യം പരിഗണിച്ച്‌ കട്ജു നേരിട്ട് ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ച്‌ ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു യു ലളിത്, പി സി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പറഞ്ഞിരുന്നു.

Advertisements

പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *