സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും

കൊച്ചി : സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വരും ദിവസങ്ങളില്‍ നടക്കും. സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍ ഡ്രോപ്പ് നാളെ മുതല്‍ 26 വരെ പൊഖ്റാനില്‍ നടക്കുമെന്നാണ് വിവരം. സുഖോയ് വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് വിക്ഷേപണം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കുമെന്നാണു സൂചന. ഇതിനു മുന്‍പുള്ള പരീക്ഷണമാണ് വരും ദിവസങ്ങളില്‍ പൊഖ്റാനിലെ ടെസ്റ്റ് റേഞ്ചില്‍ നടക്കുക.
ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈല്‍ ഉപയോഗിച്ചാകും പരീക്ഷണം. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായിരിക്കും. പക്ഷെ എന്‍ജിന്‍, സ്ഫോടന വസ്തുക്കള്‍ എന്നിവ ഇതില്‍ ഉണ്ടാകില്ല.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരു്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍(എച്ച്‌എഎല്‍) പരിക്ഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും ജോലികള്‍ക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂര്‍ത്തിയായത്.

ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂര്‍ത്തിയായത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ അത്രതന്നെ കരുത്തുള്ള സൂപ്പര്‍ സോണിക് ഫൈറ്റര്‍ ജറ്റ് ആവശ്യമാണ്.

മിസൈല്‍ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാന്‍ സാധിച്ചില്ലെങ്കില്‍ അപകടത്തിനു കാരണമാകാം. അതിനാല്‍ തന്നെ വരും ദിവസങ്ങളിലെ പരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. സുഖോയ് വിമാനത്തില്‍ നിന്നു കരയിലെ ടാര്‍ജറ്റിലേക്കുള്ള ബ്രഹ്മോസ് പരീക്ഷണം ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ഈ മാസം അവസാനത്തോടെ നടക്കുമെന്നാണു വിവരം.
