KOYILANDY DIARY.COM

The Perfect News Portal

സി. പി. ഐ. മന്ത്രിമാർ നാലും പുതുമുഖങ്ങൾ

തിരുവനന്തപുരം: സി.പി.എമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ മന്ത്രിമാരെ തീരുമാനിച്ചപ്പോള്‍ നാല് മന്ത്രിസ്ഥാനം ലഭിച്ച സി.പി.ഐയില്‍ അതേച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. മുന്‍മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, സി. ദിവാകരന്‍ എന്നിവരെ ഒഴിവാക്കുന്നതിനെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടത്. ഒടുവില്‍ ഇരുവരെയും ഒഴിവാക്കി പുതുമുഖങ്ങളായ നാലുപേരെ മന്ത്രിയാക്കാന്‍ സി.പി.ഐ തീരുമാനിച്ചു. ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്നിവരാണ് സി.പി.ഐയുടെ മന്ത്രിമാര്‍. തിരുവനന്തപുരത്തെ ചിറയിന്‍കീഴ് നിന്ന് വിജയിച്ച വി. ശശി ഡെപ്യൂട്ടി സ്പീക്കറാകും.മുല്ലക്കര രത്നാകരന്‍, സി. ദിവാകരന്‍ എന്നിവരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് രാവിലെചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവില്‍ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പരിചയസമ്ബന്നത പ്രധാന ഘടകമാണെന്നും ഇവരെ ഉള്‍പ്പെടുത്തണമെന്നും മറുഭാഗം വാദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ഇവരടക്കം ആറു പേരുടെ പാനല്‍ തയ്യാറാക്കി സംസ്ഥാന കൗണ്‍സിലിന് തീരുമാനം കൈക്കൊള്ളാനായി വിട്ടു.

എക്സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങളും അരങ്ങറി. മന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കുന്നതില്‍ മുല്ലക്കര വികാരാധീനനായെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മുല്ലക്കര വിട്ടുനിന്നുവെന്നും സൂചനയുണ്ട്. മുന്‍മന്ത്രിമാര്‍ വേണ്ടെന്ന നിര്‍ദ്ദേശമാണ് ഭിന്നതയ്ക്ക് വഴിവച്ചത്. ഇവരെ അനുകൂലിക്കുന്നവര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തോടെ ഭിന്നത പ്രകടമായി. സി. ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വവും സീറ്റ് നിര്‍ണയ വേളയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ നെടുമങ്ങാട് സീറ്റില്‍ മത്സരിപ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ സീറ്റ് യു.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ദിവാകരന്‍.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ പരിചയ സമ്ബന്നരെ മാറ്റനിറുത്തരുതെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വാദിച്ചത്. മുന്‍മന്ത്രിമാരേയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സി.പി.എം മന്ത്രിമാരെ തീരുമാനിച്ചതുപോലുള്ള നടപടി പാര്‍ട്ടിയും സ്വീകരിക്കണമെന്നതായിരുന്നു ഇവരുടെ വാദം. എന്നാല്‍, തര്‍ക്കത്തിനൊടുവില്‍ മുതര്‍ന്ന നേതാക്കള്‍ കൂടിയായ മുല്ലക്കരയ്ക്കും ദിവാകരനും മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടിവരികയാണ്. 2006ലും സി.പി.ഐ മന്ത്രിമാര്‍ പുതുമുഖങ്ങളായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചു.

Advertisements
Share news