സി.പി.എം. പ്രവര്‍ത്തകര്‍ കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

കാരശ്ശേരി: പട്ടയം സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ അന്‍പതിലധികം ദിവസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ലഭിച്ചില്ലെന്നാരോപിച്ച് ഗൃഹനാഥന്‍ വില്ലേജ് ഓഫീസില്‍ പ്രതിഷേധമുയര്‍ത്തി. സംഭവത്തിലിടപെട്ട സി.പി.എം. പ്രവര്‍ത്തകര്‍ കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.
മരഞ്ചാട്ടി പിലാക്കച്ചാലില്‍ സുലൈമാനാണ് ബാങ്ക് വായ്പയ്ക്കുവേണ്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. രേഖകള്‍ നല്‍കാത്തത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സി.പി.എം. പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ട് വില്ലേജ് ഓഫീസില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചക്കുമുന്‍പ് രേഖകള്‍ നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും രേഖകള്‍ ലഭിച്ചില്ല.

മകളുടെ പഠനാവശ്യത്തിനാണ് രേഖകള്‍ എന്നും ചൊവ്വാഴ്ചയാണ് അവസാന തീയതിയെന്നും അറിയിച്ചിട്ടും കാര്യം നടന്നില്ല. ഇതോടെ സുലൈമാന്‍ പ്രതിഷേധം ഉയര്‍ത്തി. ഈ സമയത്താണ് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഓഫീസറെ ഉപരോധിച്ചത്. മൂന്നുമണിക്ക് തുടങ്ങിയ ഉപരോധം ഏഴുവരെ നീണ്ടു. ഇതോടെ വില്ലേജ് ഓഫീസര്‍ക്ക് ഓഫീസ് സമയം കഴിഞ്ഞിട്ടും പുറത്തുപോവാനുമായില്ല. സംഭവം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ തഹസില്‍ദാര്‍ അനിതകുമാരി, മുക്കം പോലീസ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ച് ചൊവ്വാഴ്ച വൈകുന്നേരത്തിനകം എല്ലാ രേഖകളും നല്‍കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.

സജി തോമസ്, മാന്ത്ര വിനോദ്, വി. ജയപ്രകാശ്, ഇ.പി. അജിത്ത്, കെ. സുരേഷ്, ഇ. ബൈജു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്വന്തം പേരിലുള്ള ആറേമുക്കാല്‍ സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍നിന്നും വായ്പ എടുക്കുന്നതിനായി പട്ടയം ആവശ്യമായതിനെ തുടര്‍ന്നാണ് സുലൈമാന്‍ അപേക്ഷ നല്‍കിയത്. പട്ടയത്തിന് അപേക്ഷിച്ച ഫയല്‍ നമ്ബര്‍ പെട്ടെന്ന് കിട്ടുന്നതിനുവേണ്ടി സുലൈമാന്‍ കുമാരനല്ലൂര്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് സ്കെച്ചും പ്ലാനും തയ്യാറാക്കിവേണം ഫയല്‍ നമ്ബര്‍ നല്‍കാന്‍.

