സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു
പാറ്റ്ന: സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവായ അജിത് സര്‍ക്കാരിനെ 1998ല്‍ രാഷ്ട്രീയ വിരോധികള്‍ വെടിവെച്ചുകൊന്ന അതേ ജൂണ്‍ 14ന് തന്നെയാണ് മാധവി സര്‍ക്കാരിന്റെയും മരണം സംഭവിച്ചിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മാധവി പൂര്‍ണിയ മണ്ഡലത്തില്‍ നിന്നാണ് ബീഹാര്‍ നിയമസഭയില്‍ എത്തിയത്.
ജനകീയനായ എംഎല്‍എ എന്നനിലയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ മാധവിയുടെ ഭര്‍ത്താവ് അജിത് സര്‍ക്കാര്‍ 1995 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് പപ്പു യാദവിനെയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ അക്രമികള്‍ സുഭാഷ് നഗറില്‍ കാര്‍ തടഞ്ഞു വെടിവെച്ചു കൊന്നത്. 107 വെടിയുണ്ടകളാണ് ശരീരത്തുനിന്നു കണ്ടെത്തിയത്.

അജിത് സര്‍ക്കാര്‍ വധക്കേസില്‍ പപ്പുയാദവിനെ സെഷന്‍സ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. സിപിഐ എം മുന്‍കയ്യെടുത്ത് സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ വിധി വന്നിട്ടില്ല.




