സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡിഎംകെ നേതാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: 2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാര്‍ട്ടികള്‍ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ ചേരിയ്ക്ക് ശക്തി പകര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡിഎംകെ നേതാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും സിപിഎമ്മും ഒന്നിച്ച് നേരിടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി പ്രതികരിച്ചു. രാജ്യത്ത് സമത്വവും, സമാധാനവും, ഐക്യവും നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒന്നിച്ച് നില്ക്കും. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ വ്യത്യാസങ്ങള്‍ കാണും. പക്ഷേ പൊതുവായ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. രാജ്യത്തിന്റ നന്മയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ വികാരമാണ് പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശാല സഖ്യം സാധ്യമാകുമോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തെക്കാള്‍ ശക്തനാണ് മോദിയെന്ന രജനികാന്തിന്റെ പരാമര്‍ശത്തെ യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓര്‍ക്കണമെന്നായിരുന്നു യെച്ചൂരി പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.

2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഡിഎംകെയും സഖ്യമുണ്ടാക്കിയിരുന്നു. 2014ലും സഖ്യസാധ്യതകള്‍ തേടിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയേക്കാള്‍ ശക്തനായ നേതാവാണ് സ്റ്റാലിനെന്നായിരുന്നു ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.
