KOYILANDY DIARY.COM

The Perfect News Portal

സാധാരണക്കാരന്റെ അടുക്കളയിൽ കടന്നു കയറാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്: മുഖ്യ​മന്ത്രി

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യ​മന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി കേന്ദ്രം പുറത്തിറക്കിയതാണ് വിജ്ഞാപനമെന്നും നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പിണറായി വിജയൻ ആവശ്യപ്പെട്ടു.

ദൂരവ്യാപകമായ പ്രത്യാഘാതമാണ് കേന്ദ്രത്തിന്റെ നീക്കത്തിലൂടെ ഉണ്ടാവുക. ജനങ്ങളുടെ തൊഴിൽ, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്. വിജ്ഞാപനത്തിലെ ചട്ടങ്ങൾക്ക് നിയമപരമായ സാധുതയില്ലാത്തതും പൗരന്റെ മൌലികാവകാശങ്ങൾ ഹനിക്കുന്നതുമാണ്. എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണ്. വിജ്ഞ‍ാപനം കൊണ്ടുവന്നതിലൂടെ സാധാരണക്കാരന്റെ അടുക്കളയിൽ കടന്നു കയറാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. ആരോഗ്യ പ്രതിസന്ധിക്കുവരെ ഈ നിയന്ത്രണം ഇടയാക്കും.

സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരത്തിലേർപ്പെട്ടിട്ടുള്ള അഞ്ച് ലക്ഷം പേരെ നേരിട്ട് ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം. ഉപജീവന മാർഗമാണ് ഇതിലൂടെ ഇല്ലാതാവുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന തീരുമാനം കന്നുകാലി കൃഷിയെയും ദോഷകരമായി ബാധിക്കും. കന്നുകാലി ചന്തകളിൽനിന്നാണ് കൃഷിക്കും പാലുൽപാദനത്തിമെല്ലാം കേരളത്തിൽ കാലികളെ വാങ്ങുന്നത്. ഇത് നിർത്തലാക്കുന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാകും.

Advertisements

പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ ചന്തയിൽ വിറ്റിട്ടാണ് കർഷകർ പുതിയവയെ വാങ്ങിയിരുന്നത്. അതിന് കഴിയാതെ വരുമ്പോൾ പ്രായമായ കന്നുകാലികളെ സംരക്ഷിക്കാൻ കർഷകർ അധികം തുക മുടക്കേണ്ടിവരും. എകദേശം 40,​000 രൂപയോളം ഒരു കന്നുകാലിക്ക് വർഷത്തിൽ ചെലവാക്കേണ്ടിവരും. ഇത് കർഷകർക്ക് താങ്ങാവുന്നതിലും അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *