KOYILANDY DIARY

The Perfect News Portal

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണ സുപ്രീംകോടതി

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സഹകരണബാങ്കുകളുടെ ആശങ്കകള്‍ ന്യായമാണ്. അവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം പരിഗണിക്കണം- ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയന്ത്രണങ്ങള്‍മൂലം ഇടപാടുകാര്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പ്രധാനമായും സഹകരണബാങ്കുകളെ ആശ്രയിക്കുന്ന ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

നോട്ട് മാറ്റിനല്‍കാനും നിക്ഷേപങ്ങള്‍ സ്വീകരിക്കാനും അനുമതി നല്‍കാത്ത റിസര്‍വ് ബാങ്ക് തീരുമാനം വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തെ ഏഴു ജില്ലാ സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

നോട്ട് അസാധുവാക്കാനുള്ള നടപടിക്കെതിരായ നിരവധി ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കേണ്ട സാഹചര്യം കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ പലരീതിയിലുള്ള നടപടികള്‍ ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി തരംതിരിച്ച് വാദം കേട്ടാല്‍മാത്രമേ ഫലമുണ്ടാകൂ. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഒരുമിച്ച് പ്രശ്നപരിഹാരത്തിന് കോടതിയെ സഹായിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

Advertisements

നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്ന് ഹൈക്കോടതികള്‍ ഹര്‍ജി സ്വീകരിക്കുന്നത് തടയണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

അതേസമയം, വിഷയത്തില്‍ ഓരോ ദിവസവും കൂടുതല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് എജി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതിയുടെമാത്രം പരിഗണനയില്‍ 17 ഹര്‍ജികളുണ്ട്. രാജ്യമൊട്ടാകെ എഴുപതോളം ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. ഇതിനുപുറമെയാണ് സഹകരണബാങ്കുകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഹര്‍ജികള്‍ നോട്ട് അസാധുവാക്കലിനെ ചോദ്യംചെയ്യുന്ന മറ്റ് ഹര്‍ജികള്‍ക്കൊപ്പം ചേര്‍ത്ത് വാദം കേള്‍ക്കുന്നതാണ് ഉചിതം. ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് അടിസ്ഥാനസൌകര്യത്തിന്റെയും ഇന്റര്‍നെറ്റ് ബാങ്കിങ്ങിന്റെയും അഭാവമാണ് സഹകരണബാങ്കുകളുടെ പ്രശ്നമെന്നും എജി വാദിച്ചു. നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്ന വാദത്തില്‍ കപില്‍ സിബല്‍ ഉറച്ചുനിന്നു. വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും സിബല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാദം കേള്‍ക്കല്‍ തുടരാമെന്ന് കോടതി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *