KOYILANDY DIARY

The Perfect News Portal

സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന്. ഡൽഹി ഡി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആംഡ് ഫോർസ്  ട്രിബ്യൂണലിൻ്റെ ചെയർമാൻ ജസ്റ്റിസ് രാജേന്ദ്ര മേനോൻ പുരസ്കാരം സമർപ്പിച്ചു. ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ അധ്യക്ഷത വഹിച്ചു. ഡൽഹി അന്താരാഷ്ട്ര കഥകളി സെൻ്റർ പ്രിൻസിപ്പൾ ഡോ: സി. കെ. മാരാരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിദേശത്ത് കേരളീയ വാദ്യകലക്ക് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്.

സന്തോഷ്‌ കൈലാസിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവാസലോകത്ത്‌ മേളകലക്ക്‌ വൻ പ്രചാരം നൽകുവാനും ഭാരതത്തിനു പുറത്ത്‌ ഏറ്റവും വലിയമേള കലാ അരങ്ങുകളായ മേളോത്സവം, വാദ്യസംഗമം എന്നിവയും സംഘടിപ്പിച്ചു. ചെണ്ട ഇടയ്ക്ക മദ്ദളം, തിമില സോപാന സംഗീതം തുടങ്ങിയ വാദ്യ വിഷയങ്ങളിലായി 400 ൽപരം വാദ്യകലാകാരന്മാരെ പ്രവാസലോകത്ത്‌ പരിശീലിപ്പിച്ചെടുത്തു. ഇന്ത്യയിൽ മുഴുവൻ കേരളീയ മേളകലാ പ്രചരണം എന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതൽ കൈലാസം വരെ നീളുന്ന ഭാരത മേള പരിക്രമം  മേളാർച്ചനായാത്ര 3 സംസ്ഥാനങ്ങളിൽ പൂർത്തീകരിച്ച്‌ തുടർന്ന് നടന്നുവരുന്നു.

വാദ്യകലക്ക്‌ നൽകിയ സംഭാവനകളെ മാനിച്ച്‌ വാദ്യകലാഗുരുക്കന്മാർക്ക്‌ 10000 രൂപയു, ശിൽപവും, പ്രശസ്തിപത്രവും അടങ്ങുന്ന തൗര്യത്രിക പുരസ്കാരം ഏർപ്പെടുത്തുവാനും, കോവിഡ്‌ മഹാമാരിയിൽ പെട്ട്‌ ജീവിതം വഴിമുട്ടിയ 108 വാദ്യകലാകാരന്മാർക്കായി 6 ലക്ഷത്തിൽപരം രൂപ സമാഹരിച്ച്‌ വിതരണം ചെയ്യുവാനും, വാദ്യകലാ വിദ്യാർത്ഥികളുടെ പഠനചിലവ്‌ നടത്തുവാനും ഇന്ത്യൻ റിപ്പബീക്ക്‌ ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച്‌  ദൃശ്യാവിഷ്കാരത്തിൽ പങ്കെടുക്കുവാനും ബഹറിൻ സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ്‌ കൈലാസിന്റെ നേതൃത്വത്തിൽ സാധിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ സ്വദേശി ആണ് സന്തോഷ് കൈലാസ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *