സംസ്ഥാന യൂത്ത് വോളിമേളയ്ക്ക് പുറമേരിയില്‍ ഗംഭീര തുടക്കം

കല്ലാച്ചി: സംസ്ഥാന യൂത്ത് വോളിമേളയ്ക്ക് പുറമേരിയില്‍ ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തില്‍ വയനാട് തിരുവനന്തപുരത്തെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 25-17, 24-26, 21-25, 25-13.
ഡിസംബര്‍ 22 മുതല്‍ 28 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സംസ്ഥാന യൂത്ത് വോളി ചാമ്ബ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പതിന്നാല് ജില്ലകളില്‍നിന്നുള്ള പുരുഷ ടീമുകളും പത്തു ജില്ലകളില്‍നിന്നുള്ള വനിതാ ടീമുകളും മാറ്റുരയ്ക്കും.

വോളി മേളയുടെ ഉദ്ഘാടനം പുറമേരി കെ.ആര്‍.എച്ച്.എസ്. ഗ്രൗണ്ടില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ അധ്യക്ഷനായി. പി. രാജീവന്‍ പതാകയുയര്‍ത്തി.

പി.വി. ബഷീര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഷൈലജ, കെ.ടി.കെ. ബാലകൃഷ്ണന്‍, കെ. പ്രഭ, ടി.കെ. പ്രഭാകരന്‍, ടി.പി. രാജീവന്‍, എം.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ജാസ് പുറമേരിയുടെ ആഭിമുഖ്യത്തില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

