KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം

തിരുവനന്തപുരം > സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച തുടക്കം. രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീണ്ടും ക്ളാസ്മുറികളിലേക്ക്. ഇത്തവണ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷ. നവാഗതരെ സ്വീകരിക്കാന്‍ സംസ്ഥാനതലംമുതല്‍ സ്കൂള്‍തലംവരെ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യക്ഷരം നുകരാന്‍ എത്തുന്ന കുരുന്നുകള്‍ക്ക് മധുരം നല്‍കിയും വിസ്മയക്കാഴ്ചകള്‍ ഒരുക്കിയുമാകും പ്രവേശനോത്സവം.

സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ല, ബ്ളോക്ക്, പഞ്ചായത്ത് തലങ്ങളിലും പ്രവേശനോത്സവ ഉദ്ഘാടനം നടക്കും.

മധുരം നല്‍കിയും പാട്ട് പാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചും കുട്ടികളെ സ്കൂളുകളില്‍ വരവേല്‍ക്കും. എസ്എസ്എ പ്രവേശനോത്സവഗാനം ഒരുക്കിയിട്ടുണ്ട്. ശിവദാസ് പുറമേരി രചിച്ച ഗാനം പിന്നണി ഗായകന്‍ പി ജയചന്ദ്രനാണ് ആലപിച്ചത്. മുതിര്‍ന്ന കുട്ടികള്‍ ഈ ഗാനം ആലപിച്ച് ഒന്നാംക്ളാസുകാരെ വരവേല്‍ക്കും.

Advertisements

പൊതുവിദ്യാഭ്യാസമേഖല അരക്ഷിതാവസ്ഥയിലായ മുന്‍വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നാംക്ളാസില്‍ പ്രവേശനം നേടിയത്. 2014ല്‍ ഇത് 2.94 ലക്ഷമായിരുന്നു. കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പില്‍ പുറത്തുവരും. ഒമ്പത്, പത്ത് ക്ളാസിലെ പാഠപുസ്തകം ഈ വര്‍ഷം മാറുന്നുണ്ട്. ഇവയുടെ അച്ചടി പൂര്‍ത്തിയായി. ജൂണ്‍ 15നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

Share news