സംസ്ഥാനത്തെ ആദ്യ ഹോം ലൈബ്രറിക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി സ്‌ക്കൂളിൽ തുടക്കമായി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അമ്മവായന, കുഞ്ഞു വായന, കുടുംബ വായന എന്ന പേരിൽ ഒരു പ്രദേശത്തിന്റെ മൊത്തം വായനാ സംസ്കാരം രൂപപ്പെടുത്തിയെടുക്കാനായി ഇക്കഴിഞ്ഞ വായനാ ദിനത്തിൽ ആരംഭിച്ച ഹോം ലൈബ്രറി പദ്ധതി പ്രകാരം ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും ഇതിനോടകം ഹോം ലൈബ്രറി സ്ഥാപിച്ച് കഴിഞ്ഞു.
ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങൾ ശേഖരിച്ച് ഹോം ലൈബ്രറിക്ക് പ്രത്യേക പേര് നൽകിക്കൊണ്ട് ലൈബ്രറി റജിസ്റ്റർ അടക്കം സൂക്ഷിച്ച് കൊണ്ടാണ് തുടക്കം കുറിച്ചിരിക്കുന്നത്. അടുത്ത മാസം പത്തിന് കെ.ദാസൻ എം.എൽ.എ.സമ്പൂർണ്ണ ഹോം ലൈബ്രറി പ്രഖ്യാപനം നടത്തുന്നതോട് കൂടി ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീടുകളിലും ഗൃഹാങ്കണ വായനശാലയൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മാറും. ചടങ്ങിൽ ഡോ: സോമൻ കടലൂർ, ഡി.ഇ.ഒ.മനോജ് എന്നിവർ അതിഥികളായെത്തും.

സമ്പൂർണ്ണ പ്രഖ്യാപന ചടങ്ങിൽ വെച്ച് എല്ലാ ഹോം ലൈബ്രറികളിലേക്കും പുസ്തക കിറ്റ് വിതരണം, മുഴുവൻ ഹോം ലൈബ്രറികളുടെയും ഫോട്ടോ പ്രദർശനം, സമ്പൂർണ്ണ ഹോം ലൈബ്രറി റജിസ്റ്റർ പ്രകാശനം, അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ ഇവരുടെ വായനാ കുറിപ്പുകളുടെ പ്രകാശനം, എന്നിവ നടക്കും. മുഴുവൻ ഹോം ലൈബ്രറികളിലേക്കും വിതരണം ചെയ്യാനായി 500 പുസ്തകം ശേഖരിക്കുന്നുണ്ട്.
സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം വാർഡ് മെമ്പർ വി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ പി.കെ.അബ്ദുറഹ്മാൻ പദ്ധതി വിശദീകരണം നടത്തി. മുൻ പ്രധാനാധ്യാപകരായ വീക്കുറ്റിയിൽ രവി, കെ.വിജയരാഘവൻ, സ്കൂൾ ലീഡർ ഹൈഫ ഖദീജ, രവീന്ദ്രൻ ചാത്തോത്ത്, വിശ്വൻ ചെല്ലട്ടം കണ്ടി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി വി.വി.സുരേഷ് (ചെയർമാൻ) എൻ.ടി.കെ.സീനത്ത്.( ജനറൽ കൺവീനർ) പി.കെ.അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
