സംസ്ഥാനത്തെ ആദ്യ ചിൽഡ്രൻസ‌് സ‌്പോർട‌്സ‌് പാർക്ക‌് കോഴിക്കോട്ട‌്

കോഴിക്കോട‌്: സംസ്ഥാനത്തെ ആദ്യ ചിൽഡ്രൻസ‌് സ‌്പോർട‌്സ‌് പാർക്ക‌് കോഴിക്കോട്ട‌് സ്ഥാപിക്കും. പത്ത‌് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിനോദത്തിനും കളികൾക്കും സൗകര്യമൊരുക്കുന്ന പാർക്കിന‌് 24ന‌് വൈകിട്ട‌് അഞ്ചിന‌് എ പ്രദീപ‌്കുമാർ എംഎൽഎ ശിലയിടും. ഈസ‌്റ്റ‌് നടക്കാവിലെ സ‌്പോർട‌്സ‌് കൗൺസിൽ നീന്തൽക്കുളത്തിനു സമീപമുള്ള 40 സെന്റ‌് സ്ഥലത്താണ‌് പാർക്ക‌്.
40 ലക്ഷം രൂപ ചെലവിൽ എ പ്രദീപ‌്കുമാർ എംഎൽഎയുടെ ഫണ്ടും ജില്ലാ സ‌്പോർട‌്സ‌് കൗൺസിലിന്റെ ഫണ്ടും ഉപയോഗിച്ചാണ‌് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ‌് നിർമാണ ചുമതല. രണ്ട‌് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. കുട്ടികൾക്ക‌് നീന്തിത്തുടിക്കാൻ ചെറിയ പൂൾ, ബാസ‌്കറ്റ‌്ബോൾ പോസ‌്റ്റുകൾ, പന്തടിച്ചു കളിക്കാൻ പോസ‌്റ്റുകൾ, ക്രിക്കറ്റ‌് കളിക്കാനുള്ള സൗകര്യം എന്നിവയുണ്ടാകും. രക്ഷിതാക്കൾക്ക‌് വിശ്രമിക്കാനും സൗകര്യമുണ്ടാകും.
നിലവിലെ നീന്തൽക്കുളവും ഹെൽത്ത‌് ക്ലബ്ബും ഉൾപ്പെടുത്തി വിപുലമായ പദ്ധതി അവസാനഘട്ടത്തിലാണ‌്. 47 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഹെൽത്ത‌് ക്ലബ്ബിൽ 30 ലക്ഷംരൂപ ചെലവിൽ കളി ഉപകരണങ്ങളും സജ്ജീകരിക്കും. പാട്ടുകേട്ട‌് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള സൗകര്യവും ഒരുക്കും. നിലവിൽ നീന്തൽക്കുളം രാവിലെ ആറു മുതൽ രാത്രി എട്ടുവരെയാണ‌് പ്രവർത്തനസമയം. അത‌് രാത്രി പത്തുവരെയാക്കും.
