KOYILANDY DIARY.COM

The Perfect News Portal

സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവ്: കോടിയേരി

തിരുവനന്തപുരം: മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്‌ നേര്‍ക്ക്‌ നടന്ന അക്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ശബരി മലയിലെ സ്‌ത്രീപ്രവേശനത്തില്‍ ഉള്‍പ്പെടെ ഭരണഘടനയ്‌ക്ക്‌ അനുസൃതമായും മതനിരപേക്ഷതയിലൂന്നിയും നിലപാടെടുത്ത ആത്മീയവ്യക്തിത്വമാണ്‌ സ്വാമി സന്ദീപാനന്ദഗിരി. അദ്ദേഹത്തെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഇരുളിന്റെ മറവില്‍ ആശ്രമത്തിലെ വീടുകള്‍ അടിച്ചു തകര്‍ത്തത്‌. കാറുകള്‍ തീവെച്ച്‌ നശിപ്പിച്ചു. ആര്‍.എസ്‌.എസ്സിന്റേയും ബിജെപിയുടേയും ആശയങ്ങളോട്‌ വിയോജിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന ധാര്‍ഷ്ട്യമാണ്‌ ഇക്കൂട്ടര്‍ക്ക്‌. കല്‍ബുര്‍ഗിയേയും പന്‍സാരേയേയും ഗൗരിലങ്കേഷിനേയും കൊലപ്പെടുത്തിയ ക്രൂരതയുടെ നയം കേരളത്തിന്റെ മണ്ണിലും നടപ്പാക്കാന്‍ നോക്കുകയാണ്‌.

അസഹിഷ്‌ണുതപൂണ്ട്‌ കൊലവിളിയുമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ അക്രമികളെ തളയ്‌ക്കാന്‍ നിയമനടപടികള്‍ ശക്തമാക്കുന്നതിനൊപ്പം ബഹുജനാഭിപ്രായവും കരുത്തുള്ളതാകണം. ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനെതിരെ സംഘപരിവാറുമായി ചേര്‍ന്ന്‌ സമരം ചെയ്യുന്ന സംഘടനകള്‍ക്കും പാര്‍ടികള്‍ക്കും വീണ്ടുവിചാരത്തിന്‌ വകനല്‍കുന്നതാണ്‌ സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണം. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആശ്രമ അക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും സമാധാനകാംക്ഷികളോടും കോടിയേരി പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. തകര്‍ന്നുപോയ ആശ്രമം പുനര്‍നിര്‍മ്മിക്കാനുള്ള സഹായം എല്ലാ മതനിരപേക്ഷകാംക്ഷികളില്‍ നിന്നുമുണ്ടാകും അദ്ദേഹം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *