KOYILANDY DIARY

The Perfect News Portal

ഷുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല: രമേശ് ചെന്നിത്തല

കോഴിക്കോട്: ഷുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പ്രതികളെ പിടിക്കാനുള്ള പൊലീസിന്റെ അമാന്തം തന്നെ സംശയം സൃഷ്ടിക്കുന്നതാണ്. ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിന്റെ കൊലപാതകം നടന്നതെന്നു വ്യക്തമാണ്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും ചെന്നിത്തല കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. ശുഹൈബിന്റെ കൊലപാതകം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നുവെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ അക്രമങ്ങളില്‍ മുഴുകുന്ന സി പിഎമ്മന് ഇതൊരു സാധാരണ സംഭവം മാത്രമായതുകൊണ്ടാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ച ഐജി മഹിപാല്‍ യാദവിനെ കേസിന്റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതാണോ അതോ എഡിജിപി പറയുന്നതാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

Advertisements

കേസ് അന്വേഷണം നടത്തിക്കൊണ്ടിരുന്ന എസ്പി ശിവ വിക്രം എന്തിനാണ് അവധിയില്‍ പോയതെന്ന് വ്യക്തമാക്കണം. സിനിമാ പാട്ടുകളെ കുറിച്ച്‌ പ്രതികരിച്ച മുഖ്യനു കൊലപാതകത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ആറു ദിവസം വേണ്ടി വന്നു. ആര്‍ എസ് എസ് കൊലപാതകങ്ങളില്‍ അപലപിക്കുന്ന സി പി എം കേന്ദ്ര നേതൃത്വം ഷുഹൈബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാണം. സീതാറാം യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. ഷുഹൈബ് വധകേസില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ വിലയിരുത്താന്‍ അടുത്ത ദിവസങ്ങളില്‍ യോഗം ചേരുമെന്നും ചെന്നിത്തല അറിയിച്ചു.

സംസ്ഥാനത്ത് ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബോട്ടുടമകളും മത്സ്യതൊഴിലാളികളും നടത്തുന്ന അനശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഓടു വ്യവസായ മേഖലയും സമാനമായ പ്രതിസന്ധി നേരിടുമ്ബോഴും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത്തരത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *