KOYILANDY DIARY

The Perfect News Portal

ഷുക്കൂര്‍ വധക്കേസ്: സി.ബി.ഐയ്ക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: ഷുക്കൂര്‍ വധം സിബിഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ. അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സിബിഐക്ക് നിര്‍ദ്ദേശമുണ്ട്.

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്താനുള്ള തീരുമാനം നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നുവെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു. പിന്നീട് ഷുക്കൂറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോതി ശരിവച്ചു. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണൂര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനേയും ടിവി രജേഷിനേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തുന്നതായി സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കേസില്‍ സിബിഐയുടെ തുടരന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐ സംസ്ഥാന പൊലീസ് തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു.

Advertisements

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.