KOYILANDY DIARY

The Perfect News Portal

ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നടപ്പിലാകുന്നു

കൊയിലാണ്ടി: ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നടപ്പിലാകുന്നു. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജലജീവൻ പദ്ധതി നടപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമായി. 92 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താക്കൾ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

പെരുവണ്ണാമൂഴി-കോഴിക്കോട് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന കുഴൽ കടന്നു പോകുന്ന അത്തോളി ഭാഗത്തുനിന്ന് ചേമഞ്ചേരിയിലേക്ക് പ്രത്യേക കുഴൽ സ്ഥാപിച്ചാണ് വെള്ളമെത്തിക്കുക. തോരായിപ്പുഴ കടത്തിയാണ് ഇതിനായി പൈപ്പ്‌ലൈൻ സ്ഥാപിക്കേണ്ടി വരിക. വെള്ളം സംഭരിക്കാൻ പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള ഏതെങ്കിലും കുന്നിൻ മുകളിൽ പ്രധാന ജലസംഭരണി സ്ഥാപിക്കണം. 29 സെന്റ് സ്ഥലം ഇതിനായി പഞ്ചായത്ത് വാങ്ങി നൽകണം.

കാഞ്ഞിലശ്ശേരി വാളാർ കുന്ന്, കുമ്മങ്കോടുമല, പരത്തിക്കുന്ന്, മഠത്തിക്കുന്നുമല എന്നിവ ജലസംഭരണി നിർമിക്കാൻ പരിഗണിക്കുന്നുണ്ട്. പദ്ധതി യാഥാർഥ്യമായാൽ പഞ്ചായത്തിലെ കടലോരവാസികളും പുഴയോരവാസികളും കുന്നിൻ പ്രദേശത്തുള്ളവരും അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരി ഹാരമാകും. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പഞ്ചായത്താണിത്. ഉപ്പുവെള്ളമാണ് തീരാശാപമായുള്ളത്. കാപ്പാട്, കണ്ണങ്കടവ്, മുനമ്പത്ത് എന്നിവിടങ്ങളിലെ കടലോരവാസികളും കോരപ്പുഴയുടെ ഓരത്ത് താമസിക്കുന്നവരും ഉപ്പുവെള്ളം മൂലമുള്ള ശുദ്ധജലക്ഷാമം അനുഭവിക്കുന്നവരാണ്. വരൾച്ച സമയത്ത് വാഹനങ്ങളിൽ കുടിവെള്ളവിതരണത്തിന് വർഷം 14 മുതൽ 16 ലക്ഷംരൂപവരെ പഞ്ചായത്ത് ചെലവഴിക്കാറുണ്ട്.

Advertisements

കുടിവെള്ളപദ്ധതി വരുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. മാത്രമല്ല, പഞ്ചായത്തിലെ നിലവിലുള്ള കുടിവെള്ളപദ്ധതികൾക്കും ഈ പദ്ധതി സഹായകമാകും. ചെറുകിട കുടിവെള്ള പദ്ധതിയുടെ ജലസംഭരണികൾ നിറയ്ക്കാനും ജപ്പാൻ പദ്ധതിയിലൂടെയെത്തുന്ന വെള്ളം ഉപയോഗപ്പെടുത്താം.ജലസംഭരണി പണിയാൻ ഉയർന്ന കുന്നിൻപ്രദേശങ്ങളിൽ സ്ഥലംകിട്ടുമോ എന്ന് കണ്ടെത്താൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ഷീല, മെമ്പർമാരായ പി.ശിവദാസൻ, വിജയൻ കണ്ണഞ്ചേരി, സജിത ഷെറി, രാജേഷ് കുന്നുമ്മൽ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സി.കെ.റഫീക്ക്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജിതേഷ്, അസിസ്റ്റന്റ് എൻജിനിയർ ഹമീദ് എന്നിവരും കൂടെയുണ്ടായിരുന്നു. പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *