KOYILANDY DIARY

The Perfect News Portal

ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി

കോഴിക്കോട്: സംസ്ഥാനത്തെ ഇ.എന്‍.ടി വിദഗ്ദ്ധരുടെ പതിനാറാമത് വാര്‍ഷിക സമ്മേളനം കെന്റ് കോണിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയകളാണ് പ്രതിനിധികള്‍ തല്‍സമയം കണ്ടത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പത്ത് പേര്‍ക്കായിരുന്നു സൗജന്യ ശസ്ത്രക്രിയ. കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയകളാണ് സമ്മേളനം നടക്കുന്ന ഹോട്ടല്‍ താജ് ഗെയ്റ്റ്വേയിലെ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. ശസ്ത്രക്രിയകള്‍ വിജയമായിരുന്നുവെന്ന് അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റലിലെ സീനിയര്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. ഷറഫുദ്ദീന്‍ പറഞ്ഞു.

തലച്ചോറിന്റെ അടിഭാഗത്ത് രക്തകുഴലില്‍ നിന്നുണ്ടാവുന്ന ട്യൂമറിനുള്ള ശസ്ത്രക്രിയ, തൊണ്ടയിലെ ശ്വാസ തടസ്സത്തിനുള്ള അതി നൂതന ലേസര്‍ സര്‍ജ്ജറി തുടങ്ങിയവയാണ് ഇന്നലെ നടന്നത്. പഴുപ്പ് കാരണം ചെവിയിലെ അസ്ഥികള്‍ ദ്രവിച്ച്‌ കേള്‍വിക്കുറവ് വന്നതും ശസ്ത്രക്രിയയിലൂടെ ശരിയാക്കി.

Advertisements

ചെവിയെയും തലയെയും ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കാനും നൂതന ചികിത്സകള്‍ പരിചയപ്പെടുത്താനുമാണ് ശസ്ത്രക്രിയകള്‍ സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി സെക്രട്ടറി ഡോ. ഒ.എസ് രാജേന്ദ്രന്‍ അറിയിച്ചു.രാജ്യത്തെ പ്രശസ്ത ഇ.എന്‍.ടി വിദഗ്ദ്ധരായ ഡോ. സതീഷ് ജെയിന്‍, ഡോ.വി ആനന്ദ് തുടങ്ങിയവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *