ശബരിമല സ്ത്രീ പ്രവേശനം: ഹിന്ദു സംഘടനകൾ വിവിധ ഭാഗങ്ങളില്‍ ദേശീയ പാത ഉപരോധിച്ചു

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം.
ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ ദേശീയ പാതകളടക്കം ഉപരോധിച്ചു. തിരുവനന്തപുരത്ത് പിഎംജി ഹനുമാന്‍ ക്ഷേത്രത്തിന്മുന്നില്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചു.

സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഉപവസ സമരം നടത്തുന്നുണ്ട്. ശബരിമലയുടെ സമീപത്തുള്ള പഞ്ചായത്തുകളില്‍ നിന്ന് എത്തിയരാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി വൈറ്റിലയിലും പാലക്കാട്ടും കോട്ടയത്തും ഹിന്ദു സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു .

എറണാകുളത്ത് കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ വൈറ്റില ജംക്ഷന്‍ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കോട്ടയത്ത് എംസി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുത റോഡില്‍ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. ഗതാഗതം തടസപ്പെടുത്തി. പലയിടത്തും പ്രതിഷേധക്കാരെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

