KOYILANDY DIARY

The Perfect News Portal

ശബരിമലയില്‍ സ്ത്രീ പ്രവേശനം; പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രയാര്‍ ഗോപാല കൃഷ്ണനും രാഹുല്‍ ഈശ്വറും. ഒരു മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധി ഇതര സമുദായങ്ങളേയും ബാധിക്കുന്നതാണെന്നും ക്രിസ്ത്യന്‍ മുസ്ലിം എന്നീ മതവിഭാഗങ്ങളിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം ഒക്ടോബര്‍ ആദ്യ വാരത്തോടെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.

ചരിത്ര വിധിയുമായി സുപ്രീം കോടതി

Advertisements

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന വിധിയില്‍ സുപ്രീംകോടതി എത്തുന്നത് ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീ പ്രവേശനത്തിലെ ചരിത്ര വിധിയാണ് ഇത്. വിധി അംഗീകരിക്കുമെന്ന് ശബരിമലയിലെ തന്ത്രി കുടുംബമായ താഴമണ്‍ അംഗീകരിച്ചു. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇതോടെ ഉയരുന്നത്.സ്ത്രീകളെ പ്രവേശിക്കരുതെന്ന ആചാരം അംഗീകരിക്കാനാകില്ല. ഇത് സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ്. ശരീരിക ഘടനയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ല.

സ്ത്രീകളോടുള്ള വിവേചനം ഇരട്ടത്താപ്പാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ വിലക്കുന്ന ചട്ടം സുപ്രീംകോടതി എടുത്തു കഴിഞ്ഞു. ഇതോടെ അടുത്ത മാസപൂജ മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനാകും. കേരളാ സര്‍ക്കാരിന്റെ നിലപാടുകളാണ് അംഗീകരിക്കപ്പെടുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്ത്രീ പ്രവേശനത്തെ ചര്‍ച്ചയാക്കുന്നതിനെ സുപ്രീംകോടതി അംഗീകരിച്ചില്ല. ശാരീരിക അവസ്ഥയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിലപാട് വിശദീകരിച്ചു.

ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വേര്‍തിരിവാണെന്നും ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണ് നടക്കുന്നതെന്നും കോടതി കണ്ടെത്തുകയാണ്. ഭരണഘടനയുടെ 25,26 വകുപ്പുകളില്‍ പറയുന്ന ‘ധാര്‍മികത’ എന്നതിന്റെ സംരക്ഷണം ശബരിമലയിലെ ആചാരത്തിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്ബോള്‍, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമല്ലെന്നും കോടതി നിരീക്ഷിക്കുന്നു. മതപരമായ കാര്യങ്ങളിലെ സ്വയംനിര്‍ണയാവകാശത്തിന്റെ പേരില്‍ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാനാകില്ലെന്നും കോടതി വിശദീകരിക്കുകയാണ്.

അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗത്തിന്റെ സ്വഭാവമില്ല. നിയമപരമായി രൂപീകരിക്കപ്പെട്ട ബോര്‍ഡിനാല്‍ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിതനിധിയില്‍ നിന്നു പണം ലഭിക്കുന്നതുമായ ‘മതവിഭാഗ’ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളില്‍ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാര്‍മികതയും ലംഘിക്കാനാകില്ലെന്ന പൊതു തത്വവും കോടതി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കാന്‍ മതവിഭാഗത്തെ അനുവദിക്കുന്ന ചട്ടം സുപ്രീംകോടതി അസാധുവാക്കുന്നു. സ്ത്രീ പുരുഷനേക്കാള്‍ ചെറുതല്ലെന്നും എല്ലാവര്‍ക്കും തുല്യനീതി വേണമെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയില്‍നിന്ന് പടിയിറങ്ങുംമുമ്ബുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധിയാണ് ശബരിമല കേസിലേത്. ദീപക് മിശ്രയും എ.എം. ഖാന്‍വില്‍ക്കറും ഒറ്റ വിധിയാണ് പ്രസ്താവിച്ചത്. ബാക്കിയുള്ള മൂന്ന് പേരും വെവ്വേറെ വിധിയും. ഇതില്‍ നാലുപേരും ഒരേ അഭിപ്രായം രേഖപ്പെടുത്തി. വനിതാ അംഗമായ ഇന്ദു മല്‍ഹോത്രയാണ് വിധിയില്‍ എതിര്‍പ്പ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *