വെളിയന്നൂര്‍ ചല്ലിയില്‍ രണ്ടാംഘട്ട ഞാറു നടീല്‍ ഉത്സവം

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയിലെ തരിശായി കിടന്ന പ്രദേശങ്ങള്‍ വിസ്മൃതിയിലേക്ക്. ചല്ലിയിലെ കാര്‍ഷിക വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഊരള്ളൂരിലും ഞാറു നടീല്‍ ഉത്സവം നടന്നു. 1000 ഹെക്ടറില്‍ കൃഷിയിറക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയില്‍ ഇതിനോടകം ചല്ലിയിലെ മൂഴിക്ക് മീത്തല്‍ പ്രദേശത്ത് ഞാറു നട്ടിരുന്നു.
അരിക്കുളം ഭാഗത്ത് പ്രവര്‍ത്തനം ഊര്‍ജ്ജഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാലര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തോടിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അരിക്കുളം ഒറവിങ്കല്‍താഴെ നിന്നും ആരംഭിച്ച് നമ്പൂതിരിക്കണ്ടിത്താഴെ വരെ നീളുന്ന തോടിന് ധാരാളം കൈതോടുകളും നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ ഫലമായി വര്‍ഷങ്ങളായുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ സാധിച്ചു. കൂടാതെ മഴവെള്ളവും കനാല്‍ വെള്ളവും ഒരുപോലെ സംഭരിച്ച് ജലസംഭരണിയായി മാറ്റി കാര്‍ഷിക ആവശ്യത്തിനായി ഉപകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഊരള്ളൂര്‍ കൈതേരിത്താഴ നടന്ന ഞാറു നടീല്‍ ഉത്സവം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷയായിരുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍, ജില്ലാപഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍, സി. അശ്വനീദേവ്, കൃഷി ഓഫീസര്‍ ജ്യോതി.സി.ജോര്‍ജ്ജ്, വി. ബഷീര്‍, സി.രാധാകൃഷ്ണന്‍, പ്രേം ഭാസില്‍, പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
അരിക്കുളം എല്‍.പി.,യു.പി. ഊരള്ളൂര്‍ യു.പി, നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നൂറുകണക്കിന് കര്‍ഷകരും നാട്ടുകാരും നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി.
