KOYILANDY DIARY.COM

The Perfect News Portal

വെടിക്കെട്ട് ഒഴിവാക്കേണ്ടി വന്നാല്‍ തൃശൂര്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ദേവസ്വങ്ങള്‍

തൃശൂര്‍> വെടിക്കെട്ട് ഒഴിവാക്കേണ്ടി വന്നാല്‍ തൃശൂര്‍ പൂരം ചടങ്ങില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം. ഹൈക്കോടതി പരാമര്‍ശം പൂരം നടത്തിപ്പിനെ ബാധിക്കുമെന്നും, അധികാര കേന്ദ്രങ്ങളില്‍നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആനയെഴുന്നെള്ളിപ്പും കുടമാറ്റവും ഒഴിവാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ആനയെഴുന്നള്ളിപ്പും കുടമാറ്റവും അടക്കമുള്ള എല്ലാആഘോഷങ്ങളും വേണ്ടെന്നുവെക്കും. വെടിക്കെട്ടില്ലെങ്കില്‍ പൂരം നടത്തേണ്ടെന്ന് യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ്  ആശങ്ക പരിഹരിച്ചില്ളെങ്കില്‍ ചടങ്ങിലൊതുക്കുകയെന്ന തീരുമാനത്തിലേക്കത്തിെയത്.

രാത്രികാലവെടിക്കെട്ട് നിരോധനം പാലിച്ച് തൃശൂര്‍ പൂരം നടത്താനാവില്ല. ഈ ഹൈക്കോടതി വിധി തൃശൂര്‍ പൂരത്തിന് ബാധകമല്ലെന്ന സുപ്രീം കോടതിവിധി ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ ഒരാനപ്പുറത്ത് ആചാരം മാത്രമായി പൂരം മാറ്റുമെന്നും യോഗം പ്രമേയത്തില്‍ പറഞ്ഞു. അനുമതി ലഭിച്ചാല്‍ രണ്ടായിരത്തിയേഴിലെ അനുകൂല സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും അതേതുടര്‍ന്ന് ഔദ്യോഗിക രംഗങ്ങളില്‍ നിന്നുണ്ടായ വ്യാഖ്യാനങ്ങളും തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ ആശങ്ക പ്രടകടിപ്പിച്ചത്.രാത്രി വെടിക്കെട്ട് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും നടത്താനാവില്ല. വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആനയെഴുന്നെള്ളിപ്പും കുടമാറ്റവും ഉള്‍പ്പെടെ ഒഴിവാക്കാനാണ് തീരുമാനം. ചടങ്ങുകളില്‍ മേളത്തിനൊപ്പം തിടമ്പേറ്റാന്‍ ഒരു ആനയെ മാത്രമാവും ഉപയോഗിക്കുക.  നിലവിലെ ആശങ്കകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

Advertisements

 

Share news