KOYILANDY DIARY

The Perfect News Portal

വൃദ്ധയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കിയ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു

തൃപ്പൂണിത്തുറ: വൃദ്ധയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്.

വീപ്പയ്ക്കുള്ളില്‍ ജഡം കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത ദിവസം സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സജിത്തിന്‍റെ മരണത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

ഇക്ക‍ഴിഞ്ഞ ജനുവരി 8 നാണ് കൊച്ചി കുമ്പളം കായല്‍ തീരത്ത് നിന്ന് വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

Advertisements

മരിച്ചയാള്‍ കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കാലില്‍ ശസ്ത്രക്രിയ നടത്തിയവരില്‍ കാണപ്പെടുന്ന മാളിയോലര്‍ സ്ക്രൂവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മരിച്ചത് ഉദയം പേരൂര്‍ സ്വദേശിനി ശകുന്തളയാണെന്ന് പോലീസിന് സ്ഥിരീകരിക്കാനായത്.

കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറ സ്വദേശി സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശകുന്തളയുടെ മരണവുമായി സജിത്തിന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ ശകുന്തളയുടെ കൊലയാളി സജിത്താണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട ശകുന്തളയുടെ മകളും സജിത്തും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിവാഹിതനായിരുന്ന സജിത്തിന് തന്‍റെ മകളുമായി ഉണ്ടായിരുന്ന വ‍ഴി വിട്ട വന്ധത്തിനെ ശകുന്തള എതിര്‍ത്തിരുന്നു. മാത്രമല്ല ഈ വിവരം ശകുന്തള സജിത്തിന്‍റെ വീട്ടില്‍ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കിയ ശേഷം കായലില്‍ തള്ളാന്‍ സജിത്ത് മറ്റ് യുവാക്കളുടെ സഹായം തേടിയിരുന്നു. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേ സമയം സജിത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തെക്കുറിച്ച്‌ പോലീസ് അന്വഷിക്കുന്നുണ്ട്. അതോടൊപ്പം ശകുന്തളയുടെ മകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *