വീണ്ടുമൊരു സൂപ്പര്‍ ചാലഞ്ച്, ആജീവനാന്തം 1000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക്

വടകര: മാസം തോറും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ആജീവനാന്തം 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തയ്യാറായിരിക്കയാണ് മേമുണ്ട എച്ച് എസ് എസ് മലയാളം അധ്യാപിക ഒ.കെ ജിഷ. ദുരിതാശ്വസത്തിന് മേമുണ്ട എച്ച് എസ് മാനേജ്മെൻ്റ് കമ്മിററി സെക്രട്ടറി നേരത്തെ ഭൂമി നല്‍കിയതിനു പിറകെയാണ് അതേ സ്കൂളിലെ അധ്യാപിക മാതൃകയാവുന്നത്.
എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നല്‍കാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം സ്കൂള്‍ ഹെഡ്മാസ്റ്റര് പി. ശശികുമാറിന് ടീച്ചര്‍ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കോണുകളില്‍ നിന്ന് ഉയരുന്ന തെറ്റായ പ്രചാരണമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ജിഷ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയിലെ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സുനില്‍കുമാറും ഇതേ രീതിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം മേമുണ്ട സ്കൂളിലെ എസ് പി സി (സ്റ്റുഡന്റ്പൊലീസ് ) പരിശീലകനാണ്. ഇതും ജിഷ ടീച്ചര്‍ക്ക് പ്രചോദനമായി.

മേമുണ്ട സ്കൂള്‍ മാനേജ്മെമെൻ്റ് കമ്മിറ്റി സെക്രട്ടറി പ്രഭാകരന് മാസ്റ്റര്‍ തൻ്റെ 15 സെൻ്റ് സ്ഥലം പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മേമുണ്ട സ്കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും കഴിഞ്ഞ വര്‍ഷത്തെ സാലറി ചാലഞ്ചിലും പങ്കെടുത്തിട്ടുണ്ട്. കുട്ടോത്ത് സ്വദേശിയായ ജിഷ ടീച്ചറുടെ ഭര്‍ത്താവ് സി. വത്സകുമാര്‍ മേമുണ്ട സ്കൂളിൻ്റെ പിടിഎ പ്രസിഡണ്ടാണ്. കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സി പി എം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയാണ് ജിഷ ടീച്ചര്‍

