KOYILANDY DIARY.COM

The Perfect News Portal

വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം

ഡല്‍ഹി >  എല്‍.ഡി.എഫ് സര്‍ക്കാരില്‍ വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം. സ്വതന്ത്ര അധികാരമുള്ള പദവിയാകുമിത്. അതേസമയം, ഇരട്ടപ്പദവി നിയമ വ്യവസ്ഥകള്‍ പരിഗണിച്ചായിരിക്കും നിയമനം. വിഎസിന്റെ പദവിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കേരളത്തിലാകും നടക്കുക. വിഎസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. പക്ഷേ, രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാന്‍ അനുവദിക്കില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ നിലപാടെടുത്തു.

കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയവ വിഎസിന് നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിഎസ് പാര്‍ട്ടി സെക്രട്ടറി സീതാറം യച്ചൂരിക്ക് നല്‍കിയ കുറിപ്പു സംബന്ധിച്ച്‌ വിവാദവും നിലനില്‍ക്കുന്നുണ്ട്.

അതിനിടെ, പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം സംബന്ധിച്ച്‌ പൊളിറ്റ് ബ്യൂറോയില്‍ തര്‍ക്കമുണ്ടായി. മമത ബാനര്‍ജിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി സഹകരിക്കണമെന്ന് ബംഗാള്‍ ഘടകം നിലപാട് ആവര്‍ത്തിച്ചു. ബംഗാളിലുണ്ടാക്കിയ സഖ്യത്തിനെതിരായ വിമര്‍ശനങ്ങള്‍ സാഹചര്യം മനസിലാക്കാതെയാണെന്നും ബംഗാള്‍ നേതാക്കാള്‍ അറിയിച്ചു.

Advertisements

തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷവും ബംഗാള്‍ ഘടകം നിലപാട് മാറ്റാന്‍ തയാറായില്ല. കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമാണിത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ ഇന്നലെ നടന്ന ചര്‍ച്ചയിലും ഒരു പക്ഷം വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്നാണ് ഇവരുടെ വാദം. ഇവര്‍ക്കുള്ള മറുപടിയെന്നോണമാണ് ബംഗാള്‍ ഘടകം ഇന്ന് വിശദീകരിച്ചത്.

Share news