KOYILANDY DIARY

The Perfect News Portal

വി. ആര്‍ കൃഷ്ണയ്യര്‍ സ്മാരക മന്ദിരം ജസ്റ്റീസ് പി. സദാശിവം നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി > ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യരുടെ ഓര്‍മ്മയ്ക്ക് വേണ്ടി കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച കൃഷ്ണയ്യര്‍ ബ്ലോക്ക് കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നാടിന് സമര്‍പ്പിച്ചു. കെ. ദാസന്‍ എം. എല്‍. എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടരകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കൃഷ്ണയ്യര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊയിലാണ്ടി ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയാണ് പ്രസ്തുത ബ്ലോക്ക് നിര്‍മ്മിച്ചത്. ചടങ്ങില്‍ കെ. ദാസന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു. എം. എല്‍. എ. മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഡീപിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് സൊസൈറ്റിയാണ് വര്‍ക്ക് ഏറ്റെടുത്തത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടര്‍, മീഡിയാ ലാബുകള്‍, ലൈബ്രറി, ഓഫീസ്, 6 ക്ലാസ്സ് റൂമുകള്‍, ഗേള്‍സ് റൂം, ബോയ്‌സ് റൂം എന്നിവ അടങ്ങിയതാണ് പുതിയ ബ്ലോക്ക്. ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്കുള്ള ഉപഹാരം മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍ നല്‍കി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ യു. രാജീവന്‍ മാസ്റ്റര്‍ സ്‌കൂള്‍ പി. ടി. എ. പ്രസിഡണ്ട് യു. കെ. ചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ പി. വത്സല, ഹെഡ്മാസ്റ്റര്‍ സി. കെ. വാസു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വേദിയില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുന്ന റവന്യു ജില്ലാ കലോത്സത്തിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങും നടന്നു.