വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്.”- സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
ഹിന്ദുസ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇറങ്ങാറില്ലല്ലോ എന്ന അഭിപ്രായം ചില ‘അയ്യപ്പസേവാ സംഘക്കാര്‍’ പറയുന്നുണ്ട്. ഇത്തരം ആക്ഷേപകര്‍ത്താക്കള്‍ ചരിത്രം അറിയാത്തവരോ അറിഞ്ഞിട്ടും അത് മറച്ചുപിടിക്കുന്നവരോ ആണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ വിഷയത്തിലും ശരിയത്ത് നിയമത്തിന്റെ മറവിലെ ബഹുഭാര്യാത്വ പ്രശ്നത്തിലും സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്. പക്ഷേ സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല-ലേഖനം ചൂണ്ടിക്കാട്ടുന്നു .

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ഇനി ചെയ്യേണ്ടത്. അതുചെയ്യാനുള്ള ചുമതല ഭരണസംവിധാനങ്ങള്‍ക്കുമാത്രമല്ല, നാടിനു പൊതുവിലുണ്ട്. എന്നാല്‍, വിധി നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ചില വിഭാഗങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയനീക്കത്തിനുള്ള വകയായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാനാകുമോ എന്ന ലാക്ക് ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഭക്തജനങ്ങള്‍ എന്ന മറവില്‍ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട് ആരംഭിച്ചിരിക്കുന്നു. ഇതിന് പിന്തുണയും നേതൃത്വവുമായി യുഡിഎഫിലെയും ബിജെപിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോര്‍ത്തിരിക്കുന്നു എന്നത് കാണേണ്ടതാണ്.

സുപ്രീംകോടതി വിധി വന്നത് പൊടുന്നനെയല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാദംമാത്രം കേട്ട് രേഖപ്പെടുത്തിയ വിധിയുമല്ല. 12 വര്‍ഷത്തെ സംഭവബഹുലമായ നിയമപോരാട്ടമായിരുന്നു. വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. 2006ലാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകയും സംഘടനയുടെ സെക്രട്ടറിയുമായ ഭക്തി പസ്രീജ സേത്തി ഹര്‍ജി നല്‍കിയത്. പത്തിനും അമ്ബതിനും മധ്യേ പ്രായമുള്ള സ്‌ത്രീകള്‍ക്ക് ശബരിമല ക്ഷേത്രപ്രവേശനത്തിനുള്ള നിരോധനം നീക്കാനായിരുന്നു ആവശ്യം. ഹര്‍ജിക്കാരുടെ വിശ്വാസ്യതമുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് മാറ്റം വരെ കേസില്‍ ചോദ്യംചെയ്യപ്പെട്ടു. 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌ത്രീപ്രവേശനത്തിന് അനുകൂലമായ സത്യവാങ്‌മൂലം നല്‍കി. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ലിംഗഭേദമെന്യേ തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് അതില്‍ ചൂണ്ടിക്കാട്ടി. 2016ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ കേസെത്തിയപ്പോള്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ സ്‌ത്രീപ്രവേശനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു.
വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരം കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തി. കേസ് ആ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌ത്രീവിലക്ക് നീക്കാനുള്ള 2007ലെ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, യുഡിഎഫ് നിയന്ത്രിത ദേവസ്വം ബോര്‍ഡ് ആകട്ടെ പ്രവേശനവിലക്ക് തുടരണം എന്ന നിലപാടിലായിരുന്നു. ഇങ്ങനെ എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകളുടെ വ്യത്യസ്‌ത നിലപാടുകള്‍ വരെ മനസ്സിലാക്കിയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അമിക്കസ് ക്യൂറിയുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ചും ഭരണഘടനാനുസൃതമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്ന‌് ഉണ്ടായത്. സ്‌ത്രീപ്രവേശനത്തിന് കേന്ദ്രസര്‍ക്കാരും അനുകൂലമായിരുന്നു. കാലത്തിന്റെ ചുമരെഴുത്ത് വായിക്കുന്നതാണ് സുപ്രീംകോടതിയുടെ ശബരിമല വിധി.
സ്‌ത്രീപ്രവേശന വിലക്ക് മതത്തിന്റെ യഥാര്‍ഥ സത്തയ‌്ക്ക് എതിരാണെന്നും ആര്‍ത്തവവും ആരാധനാസ്വാതന്ത്ര്യവും തമ്മില്‍ ബന്ധമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മതാചാരങ്ങള്‍ തുല്യതയ‌്ക്കുള്ള അവകാശത്തിന്റെ ഉരകല്ലില്‍ ഉരച്ചുനോക്കേണ്ടതില്ലെന്ന വിയോജനവിധി രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷവിധി സ്‌ത്രീസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത് മാത്രമല്ല, അനാചാരസമ്ബ്രദായങ്ങളുടെ ശിരസ്സ് ഉടയ്‌ക്കുന്നതുമാണ്. കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനാനുമതി സംബന്ധിച്ച ചട്ടം 3(ബി) റദ്ദാക്കിയത് എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായി. ആചാരവും കീഴ്‌വഴക്കവുംമൂലം ക്ഷേത്രങ്ങളില്‍ ആര്‍ത്തവംപോലുള്ള ചില സമയങ്ങളില്‍ സ്‌ത്രീകള്‍ക്ക് നിലവില്‍ വിലക്കുണ്ടായിരുന്നു. അത് ഇല്ലാതായിരിക്കുന്നു. ഇക്കാര്യത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളെ ബാധിക്കുന്ന ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം സുപ്രീംകോടതി വിധിയോടെ അസാധുവായി.
ഹിന്ദുസ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇറങ്ങാറില്ലല്ലോ എന്ന അഭിപ്രായം ചില ‘അയ്യപ്പസേവാ സംഘക്കാര്‍’ പറയുന്നുണ്ട്. ഇത്തരം ആക്ഷേപകര്‍ത്താക്കള്‍ ചരിത്രം അറിയാത്തവരോ അറിഞ്ഞിട്ടും അത് മറച്ചുപിടിക്കുന്നവരോ ആണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ വിഷയത്തിലും ശരിയത്ത് നിയമത്തിന്റെ മറവിലെ ബഹുഭാര്യാത്വ പ്രശ്നത്തിലും സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്. പക്ഷേ സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്‌തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ‌് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നത്. കോടതിവിധി വന്നപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളംമാറി ചവിട്ടുകയാണ്. ആര്‍എസ്‌എസ് ദേശീയനേതൃത്വമാകട്ടെ ശബരിമല കേസ് കോടതിയില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ സ്‌ത്രീപ്രവേശന വിലക്കിന് അനുകൂലമായി ഇടപെട്ടില്ല എന്ന് അതിന്റെ നേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിധിയെ ആര്‍എസ്‌എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്‌തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടത്.
വിധിയെ പിന്തുണച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാകട്ടെ ശബരിമലയില്‍ നിത്യപൂജയ‌്ക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, ബിജെപിയിലെ ഗ്രൂപ്പ് അംഗത്തില്‍ മേല്‍ക്കൈ നേടാന്‍കൂടി ഉദ്ദേശിച്ചാകണം കോടതിവിധി നടപ്പാക്കുന്നതിന‌് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനുള്ള പ്രതിഷേധസമര പരിപാടികള്‍ക്ക് ചൂട്ട് കത്തിച്ചുകൊടുക്കുകയാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള.
അഭിഭാഷകനെന്നനിലയില്‍ പ്രഗത്ഭനായ അദ്ദേഹം രാഷ്ട്രീയനേതാവെന്ന നിലയില്‍ നിയമസാക്ഷരത ഇല്ലാത്തവരെ പോലെ ഇടപെടുകയും സംസാരിക്കുകയുമാണ്. 12 വര്‍ഷം കേസ് നടന്നപ്പോള്‍ അതിലിടപെടാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാമല്ലോ. ഇങ്ങനെയുള്ള നിയമവഴികള്‍ തേടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനുമുള്ള നീക്കം വിപല്‍ക്കരമാണ്.
കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണ്. അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എല്‍ഡിഎഫ് ഭരണകാലത്ത് പരക്കുന്നുണ്ട്. ഇതിന്റെഫലമായി ശ്രീകോവിലില്‍ പൂജചെയ്യാന്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങള്‍ക്ക്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചു. അങ്ങനെയാണ് വേദമന്ത്രങ്ങള്‍ അഭ്യസിച്ച ദളിതര്‍ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്. ഇത്തരം സാമൂഹ്യവിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ് പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്ക് ലഭിക്കുന്ന ശബരിമല പ്രവേശനം.
സുപ്രീംകോടതി വിധിയിലൂടെയാണ് സ്‌ത്രീപദവി ഉയര്‍ത്തുന്ന ആരാധനയിലെ വിവേചനം അവസാനിപ്പിക്കുന്ന നടപടിക്ക് വഴിതുറന്നിരിക്കുന്നത്. നവോത്ഥാന-സാമൂഹ്യപരിഷ്‌കരണ ചിന്തയുള്ളവര്‍ ഇതിനെ തുരങ്കംവയ്‌ക്കാന്‍ ഇറങ്ങില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.
വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് സിപിഐ എം നീക്കമെങ്കില്‍ വിശ്വാസികളോടൊപ്പം ബിജെപി നിലയുറപ്പിക്കുമെന്ന വെല്ലുവിളി ശ്രീധരന്‍പിള്ള നടത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്. പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്ബോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആ പണിക്ക് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും സ്‌ത്രീസ്വാതന്ത്ര്യ നിഷേധവുമാണ്.
നമ്മുടെ നാട്ടില്‍ അനാചാരങ്ങള്‍ പലതുണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. ഓടിട്ട വീട്ടില്‍ പാര്‍ക്കാന്‍ അവര്‍ണര്‍ക്കും പിന്നോക്കക്കാര്‍ക്കും അവകാശമില്ലായിരുന്നു. ക്ഷേത്രപ്രവേശനവും ആരാധനാസ്വാതന്ത്ര്യവും ഒരു വലിയവിഭാഗത്തിന് നിഷേധിച്ചിരുന്നു. വഴിനടക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ‌് നേതാക്കളുടെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളിലൂടെയാണ് പല അനാചാരങ്ങളും പൊളിഞ്ഞുവീണത്. അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ കയറാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അരുവിപ്പുറത്ത് വിഗ്രഹപ്രതിഷ്‌ഠ നടത്തി ശ്രീനാരായണഗുരു ആരാധനാസ്വാതന്ത്ര്യ വിപ്ലവം സൃഷ്ടിച്ചു. വൈക്കം – ഗുരുവായൂര്‍ – പാലിയം സത്യഗ്രഹങ്ങള്‍ ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എല്ലാ ജാതിക്കാരെയും അനുവദിച്ചിരുന്നില്ല. അത് നേടിയെടുക്കാനും വലിയ പോരാട്ടം നടന്ന മണ്ണാണ് കേരളം. പൊളിച്ചുകളയേണ്ട അനാചാരങ്ങളില്‍ ശേഷിക്കുന്ന ഒന്നാണ് ശബരിമലയിലെ സ്‌ത്രീപ്രവേശന വിലക്ക്. നൂറിലേറെ അയ്യപ്പക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവിടെയൊന്നും ഇല്ലാത്ത പ്രവേശന നിരോധനമാണ് ശബരിമലയിലേതെന്ന് പ്രശസ്‌ത എഴുത്തുകാരി ഡോ. എം ലീലാവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്ഷേത്രപ്രവേശന വിളംബരം വന്നതോടെ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാമെന്നായി. അതുകൊണ്ട് ദേവന്മാര്‍ പിണങ്ങി പോയില്ലല്ലോ. ഹരിഹരപുത്രനാണെങ്കിലും അയ്യപ്പന്‍ സ്‌ത്രീവിദ്വേഷി അല്ലെന്നും ഹരി വിഷ്‌ണുവാണെങ്കില്‍ ലക്ഷ്‌മിയാണ് പത്നി എന്നും ഹരന്‍ ശിവനാണെങ്കില്‍ ഭാര്യ പാര്‍വതിയാണെന്നും ലീലാവതി ടീച്ചര്‍ അഭിപ്രായപ്പെടുമ്ബോള്‍ സ്‌ത്രീപ്രവേശനത്തിനെതിരെ സമരം നടത്തുന്ന വിശ്വാസികളുടെ കണ്ണ് തുറക്കേണ്ടതാണ്. തിരക്കാണ് പ്രശ്‌നമെങ്കില്‍ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നേരിടാത്ത എന്ത് പ്രശ്‌നമാണ് സ്‌ത്രീകള്‍ വരുന്നതുകൊണ്ട് ശബരിമലയില്‍മാത്രം നേരിടാന്‍ പോകുന്നതെന്ന ടീച്ചറിന്റെ ചോദ്യവും പ്രസക്തമാണ്.
സ്‌ത്രീയെ രണ്ടാംതരമാക്കുന്നതിന് അറുതിവരുത്തുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്നുവന്നത്. ഈ വിധിക്കുമുന്നില്‍ പതറുകയല്ല വിധി നടപ്പാക്കാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ ധീരതയോടെ സ്വീകരിക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഇതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമല സ്‌ത്രീപ്രവേശനത്തെ ഒരു സംഘര്‍ഷവിഷയമാക്കാനല്ല എല്ലാവരെയും സഹകരിപ്പിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയില്‍ സ്‌ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കുന്നതാണ് ശബരിമല സ്‌ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്.
