KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത്ത്‌ ഡിസംബറിൽ ആദ്യ കപ്പല്‍

ഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ 1050 കോടി രൂപയുടെ പദ്ധതിക്കുള്ള ഡി.പി.ആറിന്‌ ദേശീയ സാഗർമാല അപ്പെക്‌സ്‌ കമ്മിറ്റി യോഗത്തിൽ അംഗീകാരമായെന്ന്‌ തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അറിയിച്ചു. വിഴിഞ്ഞം ദേശീയ പാതയുടെ വികസനം ദേശീയപാത അതോറിറ്റി ഏറ്റെടുക്കും. വിഴിഞ്ഞത്ത് വരുന്ന ഡിസംബറിൽ ആദ്യ കപ്പൽ അടുക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ്‌ സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന്‌ കേന്ദ്രത്തെ അറിയിച്ചെന്ന്‌ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭാരത്‌മാല പദ്ധതിയുടെ ഭാഗമായ ഔട്ട്‌ഡോർ ഇടനാഴിക്ക്‌ 2039 കോടി രൂപയുടെ മരാമത്ത്‌ പണികൾക്കും കേന്ദ്രത്തിന്റെ അംഗീകാരമായി. ബേപ്പൂർ തുറമുഖ റെയിൽ കണക്ടിവിറ്റി പദ്ധതിയുടെ 155 കോടി രൂപയുടെ ഡിപിആർ അംഗീകരിച്ചു. സംസ്ഥാനത്ത്‌ ഫ്‌ളോട്ടിങ്‌ ജെട്ടികൾ നിർമിക്കുന്നതിനുള്ള ചെലവ്‌ കേന്ദ്രം വഹിക്കും. കൊല്ലം തുറമുഖത്തെ സ്വാഭാവിക ആഴം ഒമ്പതുമുതൽ 12 മീറ്റർവരെയാക്കുന്നതിന്‌ 111 കോടി രൂപയുടെ പദ്ധതി, ബേപ്പൂർ തുറമുഖത്തിന്റെ സ്വാഭാവിക ആഴം ആറ്‌ മീറ്ററാക്കുന്നതിനുള്ള 70 കോടിയുടെ പദ്ധതി എന്നിവയ്‌ക്കുള്ള ഡിപിആർ സമർപ്പിച്ചു. ബേപ്പൂരിൽ ബർത്ത്‌ നിർമാണത്തിന്‌ 36 കോടിയുടെ ഡിപിആർ ചെന്നൈ ഐഐടി തയ്യാറാക്കിയിട്ടുണ്ട്‌.

ഇവിടെ റോഡ്‌ ഗതാഗതം സുഗമമാക്കാൻ 261 കോടിയുടെ പദ്ധതി തയ്യാറായിട്ടുണ്ട്‌. പൊന്നാനി തുറമുഖ വികസനത്തിന്‌ പദ്ധതിയായി. നീണ്ടകര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ അംഗീകാരത്തോടെ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. കൊല്ലത്ത്‌ കപ്പൽ അറ്റകുറ്റപണി യൂണിറ്റിന്‌ ഫ്‌ളോട്ടിങ്‌ ഡ്രൈ ഡോക്കിനുള്ള ഡിപിആർ തയ്യാറാകുന്നു. ആലപ്പുഴ ബീച്ചിൽ 500 കോടിയുടെ വിനോദസഞ്ചാര പദ്ധതിക്ക്‌ ഡിപിആർ ഉടൻ തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു.

Advertisements

സാഗർമാല അപ്പെക്‌സ്‌ കമ്മിറ്റിയുടെ മൂന്നാമത്‌ യോഗത്തിൽ മന്ത്രിക്ക്‌ പുറമെ തുറമുഖ സെക്രട്ടറി ടിങ്കു ബിസ്വാൾ, കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ എംഡി ഗോപാലകൃഷ്‌ണൻ എന്നിവരും പങ്കെടുത്തു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, ധനസഹമന്ത്രി പങ്കങ്‌ ചൗധരി എന്നിവരുമായി മന്ത്രി അഹമ്മദ്‌ ദേവർകോവിൽ കൂടിക്കാഴ്‌ച നടത്തി.



Share news

Leave a Reply

Your email address will not be published. Required fields are marked *