വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ: പ്രണയം നിരസിച്ച സ്കൂള്‍ വിദ്യാര്ഥിനിയുടെതെന്ന രീതിയില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു.
പെണ്‍കുട്ടിയെ പ്രണയിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബന്ധുവിന്റെ പക്കല്‍നിന്ന് ഫോട്ടോ കൈക്കലാക്കി മോര്‍ഫുചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ചത്.

രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും ഇടുക്കി പോലീസ് കൗമാരക്കാരനെ താക്കീതു നല്കി വിടുകയായിരുന്നു. ഇതിനുശേഷവും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്ക് പിതാവ് പരാതിനല്‍കിയത്. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ കേസ് തൊടുപുഴ ഡിവൈ.എസ് പിക്കു കൈമാറിയത്.

