KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥിനികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അതിക്രമം തടയാന്‍ അടിയന്തര നടപടി തുടങ്ങി

കണ്ണൂര്‍: പറശ്ശിനിക്കടവ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ( നിഫ്റ്റ് ) വിദ്യാര്‍ഥിനികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അതിക്രമം തടയാന്‍ അടിയന്തര നടപടി തുടങ്ങി . നിഫ്റ്റ് കേന്ദ്രത്തിലെ പെണ്‍കുട്ടികളാണ് മാസങ്ങളായി സാമൂഹ്യവിരുദ്ധരുടെ പീഡനത്തിനിരയാകുന്നത് . വനിതാ ഹോസ്റ്റലിന് സമീപത്തുള്ള വഴികളില്‍ സന്ധ്യാസമയങ്ങളിലാണ് പുറമേനിന്നെത്തിയ സംഘം വിദ്യാര്‍ഥികളെ അപമാനിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത് .

ഇതര സംസ്ഥാനത്തുനിന്നുള്ളവരെയാണ് കൂടുതലായും സാമൂഹ്യവിരുദ്ധര്‍ അപമാനിക്കുന്നത് . പലപ്പോഴും ഭയം കൊണ്ട് ഇവര്‍ പുറത്ത് പറയാതിരിക്കുകയാണ് . വൈകിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍ തെരുവിലിറങ്ങിയത് .

പ്രശ്നങ്ങള്‍ അറിഞ്ഞ് ജനപ്രതിനിധികള്‍ , വിദ്യാര്‍ഥി – യുവജന – മഹിളാ പ്രവര്‍ത്തകള്‍ എന്നിവര്‍ വെള്ളിയാഴ്ച രാവിലെ കേന്ദ്രത്തിലെത്തി ഡയറക്ടറുമായി സംസാരിച്ചു . വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് നിഫ്റ്റ് ഡയറക്ടര്‍ ഡോ . എന്‍ ഇളങ്കോവന്‍ അറിയിച്ചു . രണ്ടുതവണ പൂവാലന്മാരെ പിടികൂടിയെങ്കിലും താക്കീത് ചെയ്ത് വിടുകയായിരുന്നു .

Advertisements

പ്രശ്നപരിഹാരത്തിന് ആവശ്യമായതെല്ലാം നടപ്പാക്കുമെന്ന് ജയിംസ് മാത്യു എംഎല്‍എ ഉറപ്പുനല്‍കി . ക്യാമ്ബസിലേക്കുള്ള വഴിയില്‍ ഇരുവശത്തും ആന്തൂര്‍ നഗരസഭ ഹൈമാസ്റ്റ് വിളക്കുകളും രഹസ്യ ക്യാമറയും സ്ഥാപിക്കും . ഈ ഭാഗത്ത് പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തും . നാട്ടുകാരുടെ നേതൃത്വത്തിലും സുരക്ഷ ഉറപ്പാക്കും .

നിഫ്റ്റ് വിദ്യാര്‍ഥികളും പ്രദേശവാസികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കുന്നതിന് അവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കും. സമീപത്തെ ചില സ്ഥാപനങ്ങളിലുള്ളവരെക്കുറിച്ച്‌ നല്‍കിയ പരാതി അന്വേഷിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കാന്‍ നടപടി സ്വീകരിച്ചതായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു.

സാമൂഹ്യവിരുദ്ധര്‍ നിരന്തരമായി ശല്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥിനികള്‍ വ്യാഴാഴ്ച ധര്‍മശാലയില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു . ജയിംസ്മാത്യു എംഎല്‍എ , ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമള , വൈസ് ചെയര്‍മാന്‍ കെ ഷാജു , സിപിഐ എം ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ , ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് , ഏരിയാകമ്മിറ്റിയംഗം സി അശോക്കുമാര്‍, എം രാജഗോപാലന്‍ , കെ പ്രേമരാജന്‍ , വി പുരുഷോത്തമന്‍ , ടി കെ വി നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *