വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒന്നാം ക്ലാസില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കുന്ന രീതിയില്‍ സിലബസ് പുനക്രമീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പഠന ഭാരം വിദ്യാര്‍ത്ഥികളുടെ മാനസിക,ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പരാതികളെ തുടര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശം മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയത്.
ഭാരമേറിയ ബാഗും ചുമന്ന് വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ യാത്ര ദയനിയ കാഴ്ച്ചയായിട്ട് കാലങ്ങളായിരിക്കുന്നു. അമിത പഠന ഭാരം വിദ്യാര്‍ത്ഥികളെ തെല്ലൊന്നുമല്ല അല്ലട്ടുന്നത്. സിലബസ് ക്രമീകരിച്ച് ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒന്നും രണ്ടും ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 1.5 കിലോയില്‍ കൂടരുത്.

മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ബാഗിന്റെ ഭാരം മൂന്ന് കിലോ മാത്രം. ആറ്, ഏഴ്, ക്ലാസുകളിലെ ബാഗിന്റെ ഭാരം നാലര കിലോയും, പത്താം ക്ലാസ് ബാഗിന്റെ ഭാരം അഞ്ച് കിലോ വരെ നിജപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ബാഗിന്റെ ഭാരം നിജപ്പെടുത്താന്‍ സിലബസ് പുനക്രമീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഒന്നും രണ്ടും ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതി. ഇവര്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത്. മൂന്ന്, നാല് ക്ലാസുകളില്‍ ഭാഷയ്ക്കും കണക്കിനുമൊപ്പം പരിസ്ഥിതി മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. പഠന ഭാരം കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശം എല്ലാം സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം അയച്ച് നല്കി.

