KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസ വായപ തിരിച്ചടവ് 900 കോടിയുടെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം> വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ്  മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും ഗൌരവമായ സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ടെന്നും  വിദ്യാഭ്യാസ വായ്പയ്ക്കായി വീടും വസ്തുക്കളും ഈടുവച്ച് കടക്കെണിയില്‍പ്പെട്ട, സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന ഒരു തിരിച്ചടവ് സഹായപദ്ധതിയാണ് നമുക്ക് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി  ഒരുകടാശ്വാസ പദ്ധതിയല്ല.പകരം വായ്പാ തിരിച്ചടവ് അവധിക്കുശേഷം ഉള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ്.

Advertisements

പദ്ധതി പ്രകാരം നിഷ്ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൌണ്ടുകള്‍ക്ക് ഈ തിരിച്ചടവ് സഹായം ലഭിക്കും. പദ്ധതിക്ക് 2016 എപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. ഒന്നാം വര്‍ഷം വായ്പയുടെ 90ശതമാനവും  രണ്ടാം വര്‍ഷം 75ഉം മൂന്നാം വര്‍ഷം 50ഉം നാലാം വര്‍ഷം 25 ഉം ശതമാനം സര്‍ക്കാര്‍ വിഹിതമായി നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കും.

31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി  മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വായ്പാ തുകയുടെ 40ശതമാനം മുന്‍കൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60ശതമാനംസര്‍ക്കാര്‍ നല്‍കി ലോണ്‍ അവസാനിപ്പിക്കാന്‍  സര്‍ക്കാര്‍ സഹായിക്കും.

31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി  മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളില്‍ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ളോസ് ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാകുന്നപക്ഷം മുതലിന്‍റെ 50ശതമാനം (പരമാവധി 24,000 രൂപ) സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നല്‍കുകയോ, വായ്പയെടുത്തയാള്‍ മുഴുവനായി അടയ്ക്കുകയോ വേണം.

വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.

തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും. 01.04.2016-ല്‍ ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകള്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിഷ്ക്രിയ ആസ്തിയായ സെക്വേര്‍ഡ് വായ്പാ അക്കൌണ്ടുകള്‍ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ സെക്വേഡ് വായ്പകളായി കണക്കാക്കുന്നു) പുനഃക്രമീകരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍, നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലു മുതല്‍ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകള്‍ പലിശ ഇളവ് നല്‍കിക്കൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പ ക്ളോസ് ചെയ്യാന്‍ സാധിക്കില്ലെന്ന് എസ്.എല്‍.ബി.സി  അറിയിച്ചിട്ടുണ്ട്. ആയതിനാല്‍, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം, ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *