KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് സെക്രട്ടറിയും 14 ഉപജില്ലാ സെക്രട്ടറിമാരും രാജിവെച്ചു

കോഴിക്കോട്: തുല്യജോലിക്ക് തുല്യവേതനം നല്‍കാനും തസ്തികനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനും തയ്യാറാവാത്ത വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് സെക്രട്ടറിയും 14 ഉപജില്ലാ സെക്രട്ടറിമാരും രാജിവെച്ചു.

റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് സെക്രട്ടറി കെ. ഷബീര്‍ അലി മന്‍സൂര്‍ ആണ് ഡി.ഡി.ഇ.യ്ക്ക് രാജി സമര്‍പ്പിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളില്‍ ഇടതു അനുകൂല അധ്യാപകസംഘടനാ പ്രതിനിധികളായ മൂന്ന് സെക്രട്ടറിമാര്‍ ഒഴികെയുള്ള മറ്റെല്ലാ ഉപജില്ലാ സ്കൂള്‍ ഗെയിംസ് സെക്രട്ടറിമാരും എ.ഇ.ഒ.മാര്‍ക്ക് രാജി സമര്‍പ്പിച്ചതായി കെ.പി.എസ്.പി. ഇ.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാജീവ് അറിയിച്ചു.

കായികമേളകള്‍ സംസ്ഥാനതലത്തില്‍ ബഹിഷ്കരിക്കാനുള്ള സംയുക്ത കായികാധ്യാപക സംഘടനയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയിലും കൂട്ടരാജിയുണ്ടായത്. ഇതോടെ ബുധനാഴ്ച തുടങ്ങാനിരുന്ന ഉപജില്ലാ കായികമേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി.

Advertisements

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ. ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയതിന് ശേഷമായിരുന്നു കായികമേളയുടെ ചുമതലയില്‍ നിന്ന് അധ്യാപകര്‍ ഒഴിഞ്ഞത്. മൂവായിരത്തോളം കുട്ടികളുള്ള സ്കൂളുകളില്‍പോലും ഒരു കായികാധ്യാപകനെ മാത്രം നിയമിക്കുന്ന അധികൃതര്‍ യു.പി. സ്കൂളിലെ ശമ്ബളം മാത്രമാണ് ഹൈസ്കൂളിലെ കായികാധ്യാപകന് നല്‍കുന്നതെന്ന് സംയുക്തസമിതി അറിയിച്ചു.

ധര്‍ണ കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. കെ.കെ. അഷ്റഫ്, സുധാകരന്‍ പറമ്ബാട്, കെ.യു. ബാബു, സി.സി. ജോളി, കെ.കെ. മുസ്തഫ, കെ. നബീല്‍, ഇ. കോയ, വി.വി. വിജയന്‍, പി.സി. ദിലീപ് കുമാര്‍, എം.പി. ഷമീം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *