വിദേശ മദ്യഷാപ്പിനെതിരെ കൊല്ലത്ത് പ്രതിഷേധം
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കാളോത്തു താഴെ കൺസ്യൂമർ ഫെഡ് സ്ഥാപിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ
പരിസര വാസികൾക്കും, വിദ്യാർത്ഥികൾക്കും ഏറെ ദുരിതമുണ്ടാക്കുന്ന ഷാപ്പ് തുറക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് പ്രതീക്ഷ റസിഡന്റ്സ് അസോസിയഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശശി കോമത്ത്, പുഷ്പരാജൻ നങ്ങാണത്ത്, രവി തിരുവോത്ത്, കെ.സുഗുണൻ, എ.വി.ശശികുമാർ സംസാരിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം വിളിച്ചു ചേർത്ത് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, കോൺഗ്രസ്സ് നേതാവ് നടേരി ഭാസ്‌ക്കരൻ, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി അംഗം സുഗുണൻ എന്നിവർ ഭാരവാഹികളായി കമ്മിറ്റി നിലവിൽ വന്നു. ആദ്യഘട്ടസമരം എന്ന നിലക്ക് കൊല്ലത്ത് സായാഹ്ന ധർണ്ണയും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

