KOYILANDY DIARY.COM

The Perfect News Portal

വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്

റിയാദ്: വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര, വ്യോമ, നാവിക വിഭാഗങ്ങളിലെ കേഡറ്റുകള്‍ക്ക് പൊതുവായി സൈനിക പരിശീലനം നല്‍കുന്ന കേന്ദ്രമാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി.

മൂന്നു വര്‍ഷത്തെ സൈനിക പരിശീലനത്തിനായാണ് സൗദി കേഡറ്റുകള്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വരുന്നത്. ഭാഷാ പരിശീലനം, നേതൃത്വ പാടവം, ശാരീരികവും മാനസികവുമായ കരുത്ത് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. റോയല്‍ സൗദി ലാന്റ് ഫോഴ്‌സിലെ ശയ ജബ്ബാര്‍ അല്‍ഗാംദി, ഇസ്സാം അല്‍ ഉതൈബി, ഫഹദ് അല്‍ ഖഹ്ത്താനി, നവാഫ് അല്‍ ശഹ്റാനി, യാസിര്‍ അല്‍ ഫര്‍ഹാന്‍ എന്നീ അഞ്ചംഗ സൗദി സംഘമാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. ഇവര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് സ്വീകരണം നല്‍കി.

ഇത് രണ്ടാം തവണയാണ് സൗദി കേഡറ്റ് സംഘം പരിശീലനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിലെ അഞ്ചംഗ സംഘം പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിലെ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്ന് സംഘത്തെ ആശീര്‍വദിച്ച്‌ അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു. ഇന്നത്തെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ 2014ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച പ്രതിരോധ സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് കേഡറ്റുകള്‍ക്കുള്ള പരിശീലനമെന്ന് അംബാസഡര്‍ പറഞ്ഞു. അന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരേധ മന്ത്രിയുമായിരുന്നു സല്‍മാന്‍ രാജാവ്. സൈനിക വിവരങ്ങളും സൈനിക വിദ്യാഭ്യാസവും പരസ്പരം കൈമാറാന്‍ അന്നത്തെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *