വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ.

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ അവസ്ഥയിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചന്ദ്രനില്‍ ഇറങ്ങാനുദ്ദേശിച്ച സ്ഥലത്ത് നിന്ന് 500 മീറ്റര്‍ മാറിയാണ് ഇപ്പോള്‍ വിക്രം ചെരിഞ്ഞു കിടക്കുന്നതെന്ന് ശാസ്ത്രജ്ഞന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. വിക്രം ലാന്‍ഡറിന്റെ സ്പീഡ് തീരുമാനിക്കപ്പെട്ടതിലും വേഗതയിലായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിരുന്നു. ഓര്‍ബിറ്റര്‍ ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചിരുന്നു. നേരത്തെ ഒരു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. അധിക ഇന്ധനം ഉള്ളതിനാല്‍ ആറുവര്‍ഷംകൂടി ചന്ദ്രനെ ചുറ്റും. ഓര്‍ബിറ്ററിന്റെ അധിക കാലാവധി ചാന്ദ്രപഠനങ്ങള്‍ക്ക് കുതിപ്പേകും. നിരവധി ദൗത്യങ്ങളാണ് വരാനിരിക്കുന്നത് എന്നും കെ ശിവന്‍ സൂചിപ്പിച്ചിരുന്നു.

ചന്ദ്രന്റെ മുപ്പത് കിലോമീറ്റര്‍ ദൂരെയുണ്ടായിരുന്ന ലാന്‍ഡറിനെ ശനിയാഴ്ച പുലര്‍ച്ചെ 1.36 നാണ് ചാന്ദ്ര പ്രതലത്തിലേക്ക് തൊടുത്തത്. പത്ത് മിനിറ്റിനുള്ളില്‍ 6.4 കിലോമീറ്ററിലേക്ക് ലാന്‍ഡര്‍ എത്തി. ഇതിനിടെ പേടകത്തെ എതിര്‍ ദിശയില്‍ തിരിച്ച് അഞ്ച് ദ്രവ എഞ്ചിനുകള്‍ ജ്വലിപ്പിച്ച് വേഗത നിയന്ത്രിച്ചിരുന്നു. പ്രത്യേക രൂപ കല്‍പന ചെയ്ത ബ്രേക്കിങ് സംവിധാനം കൃത്യതയോടെ പ്രവര്‍ത്തിച്ചു.പതിനൊന്നു മിനിട്ട് കഴിഞ്ഞതോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്.

