KOYILANDY DIARY.COM

The Perfect News Portal

വാട്‌സ്അപ്പില്‍ അശ്ലീലചിത്രം പോസ്റ്റ്‌ചെയ്‌തെന്ന് ആരോപണം;സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്ത നിലയില്‍

കോഴിക്കോട് :  വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാലുശേരി നിര്‍മ്മല്ലൂര്‍ വളഞ്ചത്ത് എ.പി ഷാജി(42)യെയാണ് വീട്ടിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാജിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ അടച്ചിട്ടമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിക്ക് ലഭിച്ച അശ്ലീല ചിത്രം അന്വേഷണത്തിന്റെ ഭാഗമായി ഉന്നതഉദ്യോഗസ്ഥന് കൈമാറുന്നതിനിടെ ഷാജിക്ക് അബദ്ധം സംഭവിച്ചതെന്ന് ഷാജിയുടെ സഹപ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞു. സ്റ്റുഡന്റ്‌സ് കേഡറ്റുകളുടെ ഏകോപനത്തില്‍ പ്രശംസപിടിച്ചുപറ്റിയ പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യചെയ്ത ഷാജി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥനിലനിന്നു. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. ഭാര്യ: മഞ്ജു(ഫാര്‍മസിസ്റ്റ് കാക്കൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം)അഭിനവ്, അഭിഷേക് എന്നിവര്‍ മക്കളാണ്. അച്ഛന്‍: പരേതനായ പ്രഭാകരന്‍ വൈദ്യര്‍, അമ്മ:പരേതയായ സരോജിനി അമ്മ, സഹോദരങ്ങള്‍: സജിത(ഫാര്‍മസിസ്റ്റ് അശോക ഹോസ്പിറ്റല്‍), പ്രശാന്ത്.

Share news