KOYILANDY DIARY.COM

The Perfect News Portal

വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: മൽസ്യബന്ധന വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ കൊയിലാണ്ടി ചെറിയമങ്ങാട് കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിനു പോയ ശരണ്യമോൾ എന്ന വള്ളമാണ് മറിഞ്ഞത്. ഏഴു കുടിക്കൽ കടലിലാണ് മറിഞ്ഞത്. ഏകദേശം നാല് കിലോമീറ്റർ പുറംകടലിലാണ് അപകടം.

ചെറിയങ്ങാട് പുതിയ പുരയിൽ സജീവൻ (50), തെക്കെതല പറമ്പിൽ സഹദേവൻ (45), തെക്കെ തല പറമ്പിൽ ദിനേശൻ (47), തെക്കെ തല പറമ്പിൽ കലേഷ് (40) എന്നിവരാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് മൽസ്യബന്ധനത്തിനായി പോയത്. രാത്രി 9.30 ഓടെ ശക്തമായ കാറ്റിൽപ്പെട്ടതിനെ തുടർന്ന് വള്ളം മറിയുകയായിരുന്നു.

വള്ളത്തിൽ നിന്നും തെറിച്ചുവീണ നാല് പേരും നീന്തുകയായിരുന്നു. രണ്ട് മണിക്കൂർ നേരം കടലിൽ നിന്തുന്നതിനിടെ ഇവരുടെ സമീപത്തുകൂടി വലിയമങ്ങാട് സ്വദേശി രാജേഷിന്റെ വള്ളം കടന്നു പോകുമ്പോൾ ഇവർ ഒച്ച വെച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ
തുടർന്ന് വള്ളത്തിലുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് ഇവർ കരക്കെത്തിയത്. മറിഞ്ഞവള്ളം കണ്ടെത്താനായിട്ടില്ല. വള്ളത്തിനായി മൽസ്യതൊഴിലാളികൾ തെരച്ചിൽ നടത്തിയിരുന്നു. വള്ളവും വലയും നഷ്ടപ്പെട്ടതിനാൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *