വളപ്പ് മത്സ്യ കൃഷിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെന്കള്ച്ചര്) കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. കുന്നരു പുഴയില്‍ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു നവീന മത്സ്യകൃഷി നടപ്പാക്കുന്നത്.
ജില്ലയിലെ കുഞ്ഞിമംഗലം, രാമന്തളി എന്നീ പഞ്ചായത്തുകളിലാണ് കുന്നരു പുഴ. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍വരെ താഴ്ച്ചയുള്ള ജലാശയങ്ങളിലാണ് കൃഷിയ്ക്കായി തെരഞ്ഞെടുക്കുന്നത്. മുളംകുറ്റികളും വലകളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ സാഹചര്യത്തില്‍ ജലാശയത്തില്‍ വളച്ച്കെട്ടി ഗുണമേന്മയേറിയ കാളാഞ്ചി, കരിമീന്‍ വിത്ത് നിക്ഷേപിക്കുകയും ഏകദേശം ഏഴ് മുതല്‍ എട്ട് മാസം വരെ വളര്‍ച്ച എത്തുമ്ബോള്‍ വിളവെടുക്കുകയും ചെയ്യുന്നതാണ് കൃഷി രീതി.

വിളവെടുപ്പ് സമയത്ത് മത്സ്യത്തിന് ഒരു കിലോയോളം വളര്‍ച്ചയുണ്ടാകും. പാറോംതുരുത്തില്‍ നാല് കര്‍ഷക ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 60 ശതമാനം ഗുണഭോക്തൃ വിഹിതവും 40 ശതമാനം സബ്സിഡിയുമായാണ് വളപ്പ്കൃഷി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദന്, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമന്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം ആര് അജിത, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം ടി ജനാര്ധനന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, അഡ്കോസ് പ്രസിഡണ്ട് ടി പുരുഷോത്തമന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ശ്രീകണ്ഠന് എന്നിവര്‍ സംസാരിച്ചു.

