വയനാട്ടിൽ ചെമ്പ്രമലയിൽ ഭീതിപരത്തി കാട്ടു തീ

കല്‍പറ്റ: വരള്‍ച്ചരൂക്ഷമായതോടെ വയനാട്ടിൽ ഭീതിപരത്തി കാട്ടു തീ. ശനിയാഴ്ച ചെമ്പ്രമലയിലും പരിയാരത്തും ജില്ലയുടെ വിവിധഭാഗത്തിലും അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടകവനത്തിലും വന്‍ തീ പിടിത്തമുണ്ടായി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചെമ്ബ്രമലയില്‍ ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയ്കും മറ്റും എത്തിപ്പെടാന്‍കഴിയാത്ത സ്ഥലമായതിനാല്‍ തീ കാര്യമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അപൂര്‍വസസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസമേഖലയാണ് ചെമ്പ്ര.
ബന്ദിപ്പൂര്‍ വന്യജീവിസങ്കേതത്തിലെ കല്‍ക്കര വനത്തിലും പനമരം പരിയാരത്തെ റബ്ബര്‍ ത്തോട്ടത്തിലുമുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ തീപ്പൊരിയും പുകയും നിറഞ്ഞു.

ആകാശത്ത് വന്‍തോതില്‍ പുക കുമിഞ്ഞുകൂടിയതോടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ജനം ആശങ്കയിലായി. പരിയാരത്തിന്റെ സമീപ പ്രദേശങ്ങളിലും ചാരവും മറ്റും പറന്നെത്തി. ഉച്ചയോടെയാണ് കര്‍ണാടകവനത്തില്‍ തീ പടര്‍ന്നതെന്ന് കരുതുന്നു. ഏക്കറുകണക്കിന് വനം കത്തിനശിച്ചുവെന്നാണ് പ്രാഥമികവിവരം. വടക്കനാട് മേഖലയിലും ശനിയാഴ്ച തീപ്പിടിത്തമുണ്ടായി.

വെള്ളിയാഴ്ച കോട്ടത്തറ-പിണങ്ങോട് പാതയില്‍ മൂരിക്കാപ്പ് റോഡിലുള്ള കുന്നിന്‍മുകളില്‍ തീപ്പിടിത്തമുണ്ടായിരുന്നു. രാത്രി ഏഴുമണിയോടെയാണ് തീ പിടിച്ചത്. കല്പറ്റയില്‍നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കിയതിനാല്‍ കുന്നിന്റെ താഴ്വരയിലുള്ള തോട്ടങ്ങളിലും വീടുകളിലും തീ പടരുന്നത് തടയാനായി. വണ്ടിയെത്താത്ത സ്ഥലമായതിനാല്‍ ഏറെ പണിപ്പെട്ടാണ് സേനാഗംങ്ങള്‍ തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ് നേതൃത്വംനല്കി.

വെള്ളിത്തോട് കാപ്പിത്തോട്ടത്തിലും വെള്ളിയാഴ്ച തീ പിടിച്ചു. കാര്‍ത്യായനിയുടെ 15 കാപ്പിമരങ്ങളാണ് കത്തി നശിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ പടര്‍ന്ന തീ നാട്ടുകാരുടെയും കല്പറ്റയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെയും കഠിന പരിശ്രമത്താല്‍ നിയന്ത്രണവിധേയമാക്കി.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 89 സ്ഥലങ്ങളിലാണ് തീ പിടിത്തമുണ്ടായത്. കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി അഗ്നിരക്ഷാ കേന്ദ്രങ്ങളുടെ കണക്കുപ്രകാരമാണിത്. ഹെക്ടര്‍ കണക്കിന് തോട്ടങ്ങളും വനങ്ങളുമാണ് കത്തിനശിച്ചത്. കല്പറ്റയില്‍ ഇരുപത്തിരണ്ടിടത്തും സുല്‍ത്താന്‍ ബത്തേരിയില്‍ മുപ്പത്തിരണ്ടിടത്തും മാനന്തവാടിയില്‍ ഇരുപത്തഞ്ചിടത്തും തീ പിടിത്തമുണ്ടായി. ബത്തേരിയില്‍മാത്രം രണ്ടുദിവസത്തിനുള്ളില്‍ എട്ടിടത്ത് തീ പിടിത്തമുണ്ടായി.
