KOYILANDY DIARY

The Perfect News Portal

വടകര: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് പതിനഞ്ചുപേര്‍ക്ക് പരിക്ക്

വടകര: ദേശീയപാതയില്‍ കൈനാട്ടി ജങ്്ഷന് സമീപം  കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച്  പതിനഞ്ചുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ  മൂന്നേ നാല്‍പ്പതിനാണ് അപകടം. കോട്ടയത്തുനിന്ന് കാഞ്ഞങ്ങാട് പാണത്തൂരേക്ക് പോകുന്ന കെ എല്‍ 15 എ 2123 കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്.

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗം പൂര്‍ണമായി തകര്‍ന്നു. ഈ ഭാഗത്ത് ഇരുന്നവര്‍ക്കാണ് പരിക്ക്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 10 എആര്‍ 5062 നമ്പര്‍ ലോറി ടയര്‍ പൊട്ടിയതിനാല്‍  നിര്‍ത്തിയിട്ടതായിരുന്നു. പരിക്കേറ്റ് പലരും റോഡില്‍ തെറിച്ചു വീണു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.

ഗുരുതര പരിക്കേറ്റ  തൊടുപുഴ മലങ്കര എസ്റ്റേറ്റില്‍ പുതുപറമ്പില്‍ ടീന (22), അച്ഛന്‍ ടോണി (55), ടോണിയുടെ സഹോദരികളായ പാലാ സ്വദേശി ലാലി ജോര്‍ജ് (50), പൊന്‍കുന്നം സ്വദേശി ഷൈനി (38), ഷൈനിയുടെ മകള്‍ രണ്ടര വയസ്സുകാരി നൂതന്‍ മറിയ, പൊന്‍കുന്നം സ്വദേശിനി ഷാല്‍വിന്‍ (36), മലപ്പുറം കോട്ടക്കല്‍ നിജിഷ (26), ഭര്‍ത്താവ് ജിയൂഷ് (29), കൊടുങ്ങല്ലൂര്‍ സുതേവ് (40), ഷൈന്‍ (44), ബസ് കണ്ടക്ടര്‍ പ്രദീപ്കുമാര്‍  ( 42 ), തിരൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ (26), കൊണ്ടോട്ടി ചിറ്റക്കാല്‍ കുമാരന്‍ (38), കാസര്‍കോട് സ്വദേശികളായ പ്രകാശന്‍ (50), ദേവദാസന്‍ എന്നിവരെയാണ് കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

Advertisements

വടകര ജില്ലാ ആശുപത്രി, വടകര, തലശേരി സഹകരണ ആശുപത്രികള്‍, വടകരയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ ആദ്യം എത്തിച്ചത്.  പിന്നീട് ഗുരുതര പരിക്കുള്ളവരെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ നിലവിളികേട്ടെത്തിയ സമീപവാസികളും വടകരയില്‍നിന്ന് അഗ്നിശമന സേനയും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഈ മേഖലയില്‍ അപകടം തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *