മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ ഉത്തരവ് ഇറക്കണമെന്നാവശ്യപ്പട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രിംകോടതിയില്‍

ദില്ലി: ജീവന് ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ ഉത്തരവ് ഇറക്കണമെന്ന ആവശ്യവുമായി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രിംകോടതിയില്‍. ശബരിമല സന്ദര്‍ശിക്കുന്ന എല്ലാ യുവതികള്‍ക്കും സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കണം എന്നും ഇരുവരും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശുദ്ധി ക്രിയ നടത്തുന്നത് ഭരണഘടന വിരുദ്ധമായും കോടതി വിധിയുടെ ലംഘനമായും പ്രഖ്യാപിക്കണമെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമല സന്ദര്‍ശനത്തെ തുടര്‍ന്ന് ശാരീരികമായി നേരിട്ട അക്രമങ്ങളും സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടിയാണ് കനക ദുര്‍ഗയും ബിന്ദുവും സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഇങ്ങനെ:

1. ഇരുവര്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം.

2. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പൊലീസ് സംരക്ഷണത്തോടെ തടസങ്ങള്‍ ഇല്ലാതെ ശബരിമലയില്‍ പ്രവേശിക്കുന്നതിനായി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് ഇറക്കണം.

3. 10നും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയ നടത്തരുതെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ് ഇടിക്കുന്ന നടപടിയായതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിക്കണം.
ദളിത് ആയ തന്നെ ശുദ്ദി ക്രിയയിലൂടെ തന്ത്രി അപകീര്‍ത്തിപ്പെടുത്തി എന്ന് ഹര്‍ജിയില്‍ ബിന്ദു ആരോപിച്ചിട്ടുണ്ട്. കോടതി വിധി ഇതുവരെയും നടപ്പാക്കിയില്ലെന്നതിന് തെളിവാണ് ശുദ്ധിക്രിയ. സിവില്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാണ് തന്ത്രിയുടെ നടപടി. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയത്. സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ ഒളിവില്‍ കഴിയേണ്ടി വന്നു. വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സുരക്ഷാ ആവശ്യം വേഗത്തില്‍ പരിഗണിച്ച് മറ്റാവശ്യങ്ങള്‍ ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാന്‍ കോടതി മാറ്റുമോയെന്നാണ് അറിയേണ്ടത്.
