ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ജൂണ്‍ 5 മുതല്‍ 9 വരെ

കോഴിക്കോട്: കേന്ദ്ര കേരള പരിസ്ഥിതി മന്ത്രാലയം, വിദ്യാഭ്യാസവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ജൂണ്‍ 5 മുതല്‍ 9 വരെ നടക്കും.
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ ആതിഥ്യമരുളുന്നതിനാല്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രകൃതി സംരക്ഷണ സമിതി, സേവ്, എന്‍ ജി സി, ജൈവ കര്‍ഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീന്‍ ഹോപ് സൊസൈറ്റി തുടങ്ങിയ പരിസ്ഥിതി സംഘടനകള്‍ക്ക് പുറമേ സന്നദ്ധസംഘടനകളും ബഹുജനങ്ങളും പങ്കാളികളാവും.

കടലിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരളത്തില്‍ കോഴിക്കോട്, വര്‍ക്കല കടല്‍തീരങ്ങളാണ് ശുചീകരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടല്‍ത്തീര ശുചീകരണം ജില്ലാ കലക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ഗാനങ്ങളുടെ അകമ്ബടിയോടെ നടക്കുന്ന ശുചീകരണം പ്രതിജ്ഞയോടെ സമാപിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ടീഷര്‍ട്ട്, തൊപ്പി , കയ്യുറ, മുഖാവരണം എന്നിവ നല്‍കും.

6, 7 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി, ചിത്രരചനാമത്സരങ്ങള്‍, ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ഒമ്ബതിന് രാവിലെ 10 മണിക്ക് പരിസ്ഥിതി ബോധവല്‍ക്കരണ റാലി ബി.ഇ.എം ഹൈസ്കൂളില്‍ നിന്ന് ആരംഭിക്കും. 10.30 ന് ടൗണ്‍ ഹാളില്‍ ചേരുന്ന പരിസ്ഥിതി സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കും.പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് ക്ലാസുകള്‍ എടുക്കും. ഇതിനായി പ്രമുഖരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഔഷധസസ്യങ്ങള്‍ വെച്ച് പിടിപ്പിക്കും. കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടെടുത്ത് സംസ്കരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.
കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കലക്ടര്‍ യു.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി.ദിനേശന്, എം.എ.ജോണ്സണ്, ടി.വി.രാജന്, വടയക്കണ്ടി നാരായണന്, ഡോ.എം.സി.സിബി, എ.ശ്രീവത്സന്‍, മണലില്‍ മോഹനന്, ടി.കെ.ഉഷാറാണി, ഇ.എം.രാജന്, സുബീഷ് ഇല്ലത്ത്, പി.രമേശ് ബാബു, സി.പി.കോയ എന്നിവര്‍ സംസാരിച്ചു.
