KOYILANDY DIARY

The Perfect News Portal

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

കണ്ണൂര്‍: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുരുതരമായ ക്ഷയരോഗം കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനമായ സിബി-നാറ്റ് സജ്ജീകരിച്ച മൊബൈല്‍ ടിബി ലാബ് പികെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും.

ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ അവസാന ഘട്ടത്തിലാണ് കേരളമെന്ന് ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്‍റ് ഡോ ഷിബു ബാലകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയില്‍ ക്ഷയരോഗം ഏറ്റവും കുറവ് കേരളത്തിലാണ്. ക്ഷയരോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ഷം തോറും നാല് ശതമാനം എന്ന നിരക്കില്‍ കുറയുന്നുണ്ട്. കുട്ടികളിലെ ക്ഷയരോഗം സംസ്ഥാനത്ത് പ്രതിവര്‍ഷം ഏഴ് ശതമാനം എന്ന നിരക്കിലും കുറയുന്നു. 2009ല്‍ സംസ്ഥാനത്ത് 27500 പേര്‍ക്ക് ക്ഷയരോഗ ചികിത്സ നല്‍കിയപ്പോള്‍ 2017ല്‍ അത് 20409 ആയി കുറഞ്ഞു.

2020ഓടെ ക്ഷയരോഗം സംസ്ഥാനത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള കര്‍മപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം കഴിഞ്ഞ ജനുവരി മുതല്‍ നടന്നുവരുന്നു. പരിശീലനം സിദ്ധിച്ച 78,000 സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും എത്തി ക്ഷയരോഗത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കും. ക്ഷയരോഗം വരാനുള്ള സാധ്യത വിലയിരുത്തുകയും വിദൂര സാധ്യത പോലുമുള്ളവര്‍ക്ക് സംശയ നിവാരണ പരിശോധന നടത്തുകയും ചെയ്യും. ഈ ഭവന സന്ദര്‍ശന വിവരശേഖരണത്തിന്റെ 45 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.

Advertisements

പ്രമേഹം, പുകവലി, വൃക്കസംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ ക്ഷയരോഗ സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഇത്തരം രോഗങ്ങളുള്ളവരില്‍ പ്രകടമായ രോഗലക്ഷണങ്ങളുണ്ടോ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം നിരീക്ഷിക്കും. സാധാരണ മരുന്നുകളെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ഗുരുതരമായ ക്ഷയരോഗത്തെ വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന സിബി-നാറ്റ് പരിശോധന എല്ലാ ജില്ലകളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി കണ്ടെത്തുന്ന എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും രോഗനിര്‍ണയ സമയത്തുതന്നെ സിബി-നാറ്റ് പരിശോധന കൂടി നടത്താന്‍ സംസ്ഥാനം സുസജ്ജമാണ്. ഇതുവഴി ഗുരുതരമാവാന്‍ സാധ്യതയുള്ള ക്ഷയരോഗത്തെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാനും മരണനിരക്കുകളും അനുബന്ധ സങ്കീര്‍ണതകളും കുറക്കാനും സാധിക്കും.

കഫ പരിശോധന, എക്‌സ്‌റേ പരിശോധന, സിബി-നാറ്റ് പരിശോധന എന്നിവ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ സൗജന്യമായി നല്‍കുവാനുള്ള സംവിധാനങ്ങളുമുണ്ട്. ക്ഷയരോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് അവരുടെ ശരീരഭാരത്തിന് ആനുപാതികമായി കഴിക്കേണ്ട നിശ്ചിതമാത്രാ സമ്മിശ്രങ്ങളും സൗജന്യമായി നല്‍കുന്നു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികള്‍ മരുന്ന് കഴിക്കുന്നത് രേഖപ്പെടുത്തുകയും ഏതെങ്കിലും കാരണവശാല്‍ രോഗി മരുന്ന് മുടക്കിയാല്‍ എസ്.എം.എസ് വഴി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ’99 ഡോട്‌സ് പദ്ധതി’, ട്രീറ്റ്‌മെന്‍റ് സപ്പോര്‍ട്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മരുന്ന് കഴിക്കുന്ന സംവിധാനം തുടങ്ങിയവ ആരും തന്നെ ചികിത്സ ഇടക്കുവെച്ച്‌ നിര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തി സമ്ബൂര്‍ണ ചികിത്സാ വിജയം കൈവരിക്കാന്‍ സഹായിക്കുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും അവരുടെ ചികിത്സാ കാലയളവിലുടനീളം സംസ്ഥാന സര്‍ക്കാര്‍ റവന്യു വകുപ്പ് വഴി പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ നല്‍കി വരുന്നു. സാധാരണ മരുന്നുകളെ പ്രതിരോധിക്കുന്ന തരം ഗുരുതര ക്ഷയരോഗം ബാധിച്ചവര്‍ക്ക് പ്രത്യേക സാമ്ബത്തിക സഹായവും നല്‍കിവരുന്നു. കൂടാതെ പ്രതിമാസം 500 രൂപ വീതം ചികിത്സാ കാലയളവില്‍ എല്ലാ ക്ഷയരോഗ ബാധിതര്‍ക്കും നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ട്.

സ്വകാര്യ മേഖലയുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താന്‍ 200 സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. പൊതുസ്വകാര്യ മേഖലയില്‍നിന്നും നിര്‍ണയിക്കുന്ന എല്ലാ ക്ഷയരോഗങ്ങളും ജില്ലാ ടിബി ഓഫീസറെ അറിയിക്കേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എം.എസ് പത്മനാഭന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്‍റ് ഡോ. രാകേഷ് പി.എസ്, സ്‌റ്റേറ്റ് ടി.ബി സെല്‍ എ.സി.എസ്.എം ഓഫീസര്‍ അഖില ശാന്ത് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *