KOYILANDY DIARY

The Perfect News Portal

ലിസിയും പ്രിയദര്‍ശനും സ്വത്ത് പങ്കുവച്ചു… ഇനി ഔപചാരിക വേര്‍പിരിയല്‍ മാത്രം

ചെന്നൈ: 25 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിയ്ക്കാന്‍ പ്രിദര്‍ശനം ലിസിയും തീരുമാനിച്ചത് മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ പ്രിയനും ലിസിയും എന്തിനാണ് പിരിയുന്നത് എന്നായിരുന്നു മലയാളികളുടെ ചോദ്യം. 2014 ല്‍ ആണ് പിരിയാന്‍ തീരുമാനിച്ചത് എങ്കിലും സ്വത്ത് വീതംവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തിലും ധാരണയിലെത്തിക്കഴിഞ്ഞു. ഔപചാരികമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ രണ്ട് പേരും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജ്ജി നല്‍കാന്‍ തീരുമാനിച്ചു. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് പരിഹാരം കണ്ടത്. ലിസിയ്‌ക്കെന്ത് കിട്ടി, പ്രിയന് എന്ത് കിട്ടി…? കാണാം

2014 ല്‍ ആണ് വിവാഹമോചനം ആവശ്യപ്പെട്ട് ലിസി കുടുംബക്കോടതിയെ സമീപിച്ചത്. അതിന് മുമ്പ് തന്നെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.കോടിക്കണക്കിന് വരും ഇരുവരുടേയും പേരിലുള്ള സ്വത്തുക്കള്‍. ഇതിന്റെ പേരിലായിരുന്നു പിന്നെ തര്‍ക്കം. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കെകെ ശശിധരന്റെ മധ്യസ്ഥതയിലാണ് ഇരുവരും തമ്മിലുള്ള സ്വത്ത് തര്‍ക്കം രമ്യമായി പരിഹരിച്ചത്. ചെന്നൈ നുങ്കമ്പാക്കം ലേക്ക് ഏരിയയിലെ ഫോര്‍ ഫ്രെയിംസ്(ഗുഡ് ലക്ക് പ്രിവ്യു തിയേറ്റര്‍) ഉടമസ്ഥാവകാശം ലിസിയ്ക്ക് സ്വന്തമാണ്. പക്ഷേ മിക്‌സിംഗ് സ്റ്റുഡിയോ പ്രിയദര്‍ശന്റെ പേരില്‍ തന്നെ ആയിരിയ്ക്കും. ചെന്നൈ നുങ്കപ്പാക്കത്തുള്ള വീട് പ്രിയദര്‍ശനാണ് ലഭിയ്ക്കുക. അവിടെ ലിസിയ്ക്ക് ഇനി ഒരു അവകാശവും ഉണ്ടായിരിയ്ക്കില്ല. സിങ്കപ്പൂരില്‍ രണ് പേരുടേയും പേരിലായി ആറ് കോടി രൂപ വിലമതിയ്കുന്ന വസ്തു ഉണ്ട്. ഈ വസ്തു വില്‍ക്കാന്‍ ധാരണയായി. കിട്ടുന്ന തുക തുല്യമായി വീതിയ്ക്കും. കൊച്ചിയില്‍ പ്രിയദര്‍ശന്റെ പേരില്‍ വാങ്ങിയ ഫ്‌ലാറ്റ് ലിസിയ്ക്ക് കൈമാറാന്‍ പ്രിയദര്‍ശന്‍ തയ്യാറായി. ഇതിന്റെ ബാക്കി തുക നിര്‍മാതാക്കള്‍ക്ക് ലിസി നല്‍കണം. തിരുവനന്തപുരത്തെ ഗ്രാന്റ് മോട്ടോഴ്‌സ് സെയില്‍സ് കോര്‍പ്പറേഷനിലെ ഓഹരികളും പ്രിയദര്‍ശന്‍ ലിസിയ്ക്ക് കൈമാറും. ഭാര്യാഭര്‍ത്താക്കന്‍മാരായിരിയ്ക്കുമ്പോള്‍ വാങ്ങിയ സ്വര്‍ണം മുഴുവന്‍ ഇപ്പോള്‍ ലിസിയുടെ കൈവശമാണ് ഉള്ളത്. ഇത്ര എത്രയാണെന്ന് വ്യക്തമല്ല. ഈ സ്വര്‍ണം ലിസിയ്ക്ക് തന്നെ സൂക്ഷിയ്ക്കാം. സ്വര്‍ണത്തില്‍ തനിയ്ക്കും അവകാശമുണ്ടെന്ന വാദം തന്നെയാണ് പ്രിയദര്‍ശന്. അത് മകള്‍ക്ക് നല്‍കണം എന്നാണ് പ്രിയദര്‍ശന്റെ ആവശ്യം. വിവാഹത്തിന് വേണ്ടത്ര സ്വര്‍ണം നല്‍കുമെന്ന് ലിസിയും വ്യക്തമാക്കിയിട്ടുണ്ട്. സ്വത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയതോടെ രണ്ട് പേരും സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബക്കോടതിയിലായിരിയ്ക്കും ഹര്‍ജി നല്‍കുക. വിവാഹം മോചനം നേടിയാലും നല്ല സുഹൃത്തുക്കളായി തുടരും എന്നാണ് ഇരുവരും കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.