KOYILANDY DIARY.COM

The Perfect News Portal

ലക്ഷ്‌മണരേഖ ലംഘിച്ചാല്‍ സ്വാശ്രയ മാനേജ്‌മെ‌ന്റുകള്‍ക്കെതിരെ കര്‍ശനനടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം > സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ലക്ഷ്‌മ‌‌ണരേഖ വരച്ചിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് കടന്നാല്‍ ശക്തമായ നടപടി ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം റദ്ദാക്കിയത് ഇതിന് തെളിവാണ്. മെഡിക്കല്‍ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നുവെന്ന പ്രതിപക്ഷആരോപണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് ഫീസിളവ് ലഭിക്കാത്ത സാഹചര്യംവന്നാല്‍ ഇടപെടും. കുട്ടികളുടെ താല്‍പ്പര്യത്തിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തോന്നുംപോലെ പ്രവര്‍ത്തിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ നടപടി സ്വീകരിച്ച് തുടങ്ങി. നാലഞ്ച് വര്‍ഷത്തെ അനുഭവമല്ല ഇപ്പോള്‍. അതിനാലാണ് സര്‍ക്കാര്‍ നിലപാടിനെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ബഹുജനങ്ങളും കക്ഷിവ്യത്യാസമില്ലാതെ പിന്തുണയ്ക്കുന്നത്.

തലവരിപ്പണവും മറ്റുമായി കോഴവാങ്ങുന്നെന്ന പരാതി വിജിലന്‍സ് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. സ്പീക്കറുമായി നടന്ന ചര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവുതന്നെ ആവശ്യപ്പെട്ടു. അതിന് സര്‍ക്കാര്‍ തയ്യാറാണ്.

Advertisements

പരിയാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍നിലപാട് നേരത്തെ പറഞ്ഞതാണ്. 100 സീറ്റുണ്ടെങ്കില്‍ 50 സീറ്റില്‍ മാത്രമാണ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് എടുക്കേണ്ടത്. ഇതില്‍ 20 കുട്ടികള്‍ക്ക് 25,000 രൂപ മതി ഫീസ്. ബാക്കി 30 സീറ്റിലാണ് 2,50,000 രൂപ ഫീസ്.  ഈ 30 കുട്ടികളുടെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തുന്നത്. എന്നാല്‍, കോളേജ് ഉടന്‍ ഏറ്റെടുക്കുമെന്ന് സഭയില്‍ മുന്‍ മുഖ്യമന്ത്രിയോടുതന്നെ പറഞ്ഞതാണ്. ഏറ്റെടുക്കുന്നതോടെ അവ സര്‍ക്കാര്‍ കോളേജാകും. എന്നാല്‍, കൊച്ചി സഹ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായതിന് സമാനമായ പ്രശ്നം പരിയാരത്തിന്റെ കാര്യത്തിലുണ്ടാകില്ലേയെന്നാണ് മുന്‍ മുഖ്യമന്ത്രി ചോദിച്ചത്. ആ സാഹചര്യം വന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രി യോഗം വിളിക്കുന്നില്ലെന്നുള്ള പ്രതിപക്ഷപരാതി അടിസ്ഥാനരഹിതമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എതിരല്ല. പ്രതിപക്ഷം ആവശ്യപ്പെട്ട സമയങ്ങളിലെല്ലാം ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *